വാഷിംഗ്ടൺ: അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ 1,300 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇതിൽ ഭൂരിഭാഗവും ക്രിമിനലുകളാണെന്ന് അധികൃതർ പറയുന്നു. തീവ്രവാദിയെന്ന് സംശയിക്കുന്നയാളും മയക്കുമരുന്ന് കാർട്ടൽ അംഗങ്ങളുമുണ്ട്. നൂറുകണക്കിന് കുടിയേറ്റക്കാരെ ഇതിനോടകം സൈനിക വിമാനത്തിൽ നാടുകടത്തി. തടങ്കൽ കേന്ദ്രത്തിൽ തുടരുന്ന 5,400ലേറെ പേരെ ഉടൻ നാടുകടത്തും. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രവർത്തനം പുരോഗമിക്കുകയാണന്നും വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്നും ട്രംപിന്റെ പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് അറിയിച്ചു. അതേസമയം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജന്റുമാർ റെയ്ഡുകൾ ആരംഭിച്ചു. വൈറ്റ്‌ഹൗസിന്റെ അഭയ പദ്ധതി നിറുത്തിവച്ചതോടെ നൂറുകണക്കിന് കുടിയേറ്റക്കാർ അതിർത്തികളിൽ കുടുങ്ങി. ഇതിനിടെ, ട്രംപ് ഭരണകൂടത്തെ ഭയന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ ചിലർ സ്വമേധയാ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.
അപ്പീൽ നൽകും: ട്രംപ്
ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള ഉത്തരവ് താത്കാലികമായി തടഞ്ഞ സിയാറ്റിൽ ഫെഡറൽ കോടതിയുടെ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ്. ഉത്തരവ് 14 ദിവസത്തേക്കാണ് കോടതി തടഞ്ഞിട്ടുള്ളത്. അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി ലഭിച്ചിരുന്ന പൗരത്വം നിറുത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് കോടതി ഇടപെടൽ. ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം വ്യാപകമാണ്. ആനുകൂല്യം താത്കാലിക വിസയിലെത്തുന്നവരും അനധികൃത കുടിയേറ്റക്കാരും ദുരുപയോഗം ചെയ്യുന്നെന്ന് ട്രംപ് ഭരണകൂടം. അനധികൃത കുടിയേറ്റത്തിലേക്കുള്ള കാന്തിക ശക്തിയായി മാറിയെന്നും ആരോപണം.
കെന്നഡി വധം: ഫയലുകൾ പരസ്യമാക്കും
മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, സഹോദരനും മുൻ സെനറ്ററുമായ റോബർട്ട് എഫ്. കെന്നഡി, വർണ വിവേചനത്തിനെതിരെ പോരാടിയ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നിവരുടെ വധവുമായി ബന്ധപ്പെട്ട ഫയലുകൾ പരസ്യമാക്കും. കെന്നഡി വധത്തിന്റെ ഫയലുകൾ പരസ്യമാക്കാനുള്ള പദ്ധതി ദേശീയ ഇന്റലിജൻസ് ഡയറക്ടറും അറ്റോർണി ജനറലും 15 ദിവസത്തിനകം തയ്യാറാക്കണം. മറ്റ് ഫയലുകൾ പരസ്യമാക്കാൻ 45 ദിവസത്തെ സമയം അനുവദിച്ചു.
അതിനിടെ, 23 ഗർഭച്ഛിദ്ര വിരുദ്ധ ആക്ടിവിസ്റ്റുകൾക്ക് ട്രംപ് മാപ്പ് നൽകി. ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ പ്രവർത്തനം തടസപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടവരാണ് ഇവർ.
കിം മിടുക്കൻ!
ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മിടുക്കനെന്ന് ട്രംപ്. കിമ്മുമായി ആശയവിനിമയം നടത്താൻ പദ്ധതിയുണ്ടെന്നും പറഞ്ഞു.
ട്രംപിനെ കാണാൻ തയ്യാർ: പുട്ടിൻ
യുക്രെയിൻ വിഷയം ചർച്ച ചെയ്യാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ട്രംപ് ബുദ്ധിമാനും, പ്രായോഗികമായ തീരുമാനമെടുക്കുന്ന ആളുമാണെന്ന് ഇന്നലെ ടെലിവിഷൻ അഭിസംബോധനയ്ക്കിടെ പുട്ടിൻ വ്യക്തമാക്കി. ട്രംപ് യു.എസ് പ്രസിഡന്റായിരുന്നെങ്കിൽ 2022ൽ യുക്രെയിൻ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നും പുട്ടിൻ പറഞ്ഞു.
അതേ സമയം, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉയർന്ന നികുതിയും ഉപരോധങ്ങളും ഏർപ്പെടുത്തേണ്ടി വരുമെന്ന് ട്രംപ് റഷ്യക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചയ്ക്ക് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി സന്നദ്ധത അറിയിച്ചെന്നും പുട്ടിനെ താൻ ഉടൻ കാണുമെന്നും ട്രംപ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |