ലക്‌നൗ: മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് പൊറുതിമുട്ടിയ യുവതികൾ വീടുപേക്ഷിച്ചിറങ്ങിയതിനുശേഷം പരസ്‌പരം വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. കവിത, ഗുഞ്ച എന്നീ യുവതികളാണ് ഡിയോറിയയിലെ ഛോട്ടി കാശി ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തങ്ങളുടെ ദുരവസ്ഥകൾ ഇരുവരും പങ്കുവയ്ക്കുമായിരുന്നു. മദ്യപാനികളായ ഭർത്താക്കന്മാർ ഇരുവരെയും മർദ്ദിക്കുകയും പതിവായിരുന്നു.
ക്ഷേത്രത്തിൽ വച്ചുനടന്ന വിവാഹച്ചടങ്ങിൽ ഗുഞ്ചയാണ് കവിതയ്ക്ക് സിന്ദൂരം ചാർത്തിയത്. പരസ്‌പരം വരണമാല്യം കൈമാറുകയും ഏഴ് പ്രദക്ഷിണം പൂർത്തിയാക്കുകയും ചെയ്തു. 'മദ്യപാനികളായ ഭർത്താക്കന്മാർ മൂലം വളരെ വേദന അനുഭവിക്കുകയായിരുന്നു ഞങ്ങൾ. അതിനാലാണ് സ്‌നേഹവും സമാധാനവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർബന്ധിതരായത്. ദമ്പതികളെപ്പോലെ കഴിയാനാണ് ഞങ്ങളുടെ തീരുമാനം. ഗോരഖ്പൂരിലായിരിക്കും താമസിക്കുന്നത്. ജോലി ചെയ്ത് കുടുംബം പുലർത്തും'-ഗുഞ്ച പറഞ്ഞു.
ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള ശ്രമത്തിലാണ് ഇരുവരുമിപ്പോൾ. ക്ഷേത്രത്തിലെത്തിയ ഇരുവരും നിശബ്ദമായി ചടങ്ങുകൾ പൂർത്തിയാക്കിയതിനുശേഷം മടങ്ങുകയായിരുന്നുവെന്ന് ക്ഷേത്രത്തിലെ പൂജാരി ഉമാ ശങ്കർ പാണ്ഡെ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |