വയനാട്: പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന നരഭോജി കടുവയെ പിടികൂടാനുളള ദൗത്യം വൈകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. കടുവയെ വെടിവച്ച് കൊന്നില്ലെങ്കിൽ ഉദ്യോഗസ്ഥരെ എസ്റ്റേറ്റിൽ നിന്ന് പുറത്തുവിടില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പിലാണ് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ബേസ് ക്യാമ്പിന് മുന്നിൽ നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെ മാനന്തവാടി മുൻസിപ്പൽ മേഖലയിലാണ് ഹർത്താൽ. ഇവിടെ എസ്ഡിപിഐയും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളും അടപ്പിച്ചു.കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെയുണ്ടെന്നാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്. കടുവയുടെ ചിത്രം ക്യാമറാ ട്രാപ്പിൽ പതിഞ്ഞിട്ടുണ്ടെന്നും പുതിയ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. കടുവയെ മയക്കുവെടി വയ്ക്കുന്നതിനായി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം ഉച്ചയോടെ വയനാട്ടിൽ എത്തുമെന്നാണ് വിവരം.
അതേസമയം, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി സ്ഥലത്തെത്തിയത്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന രാധയുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
വനം വകുപ്പിന്റെ താത്കാലിക വാച്ചർ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധ. കടുവയുടെ ആക്രമണത്തിൽ തലവേർപെട്ടിരുന്നു. ഉടൽ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ. രാവിലെ എട്ടു മണിയോടെയാണ് അച്ചപ്പൻ സ്‌കൂട്ടറിൽ കൊണ്ടാക്കിയത്. 11.15 ന് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘമാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിർത്തിയിൽനിന്ന് 150 മീറ്റർ മാറി വനത്തിലായിരുന്നു മൃതദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |