മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രണത്തിൽ സ്ത്രീകൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുവയെ പിടികൂടിയാൽ വനത്തിൽ തുറന്നുവിടില്ല. മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റും.
പിടികൂടാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യുമെന്ന് ഉറപ്പ് നൽകി. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ എസ് ദീപ, എഡിഎം ദേവകി കെ, ഡിഎഫ്ഒ മാർട്ടിൻ ലോവൽ, ജനപ്രതിനിധികൾ എന്നിവ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു. ദൗത്യത്തിന് അരുൺ സക്കറിയ നേതൃത്വം നൽകും.
കടുവയെ വെടിവച്ച് കൊല്ലണം, എസ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷാ ഉറപ്പാക്കണം, പ്രിയദർശിനി തൊഴിലാളികൾക്ക് കൂലിയോടുള്ള അവധി നൽകണം, പഞ്ചാരക്കൊല്ലിയിലെ വിദ്യാർത്ഥികൾക്ക് കടുവയെ പിടികൂടുന്ന വരെ സ്കൂളിലേക്ക് പോകാൻ സർക്കാർ വാഹനം സജ്ജമാക്കണം. രാധയുടെ മക്കളിൽ ഒരാൾക്ക് സ്ഥിര ജോലി നൽകണം, നഷ്ടപരിഹാര തുക ബാക്കി ഉടനടി നൽകണം തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ വീടുകളിൽ കഴിയണമെന്നാണ് ജനങ്ങൾക്കുള്ള നിർദേശം. കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്നും മാനന്തവാടി നഗരസഭാ ചെയർമാൻ നിർദേശിച്ചു. തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. ബേസ് ക്യാമ്പിൽ കടുവ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരെ പൊലീസ് സുരക്ഷയിൽ വീടുകളിലേക്ക് മാറ്റുകയാണ്. തോട്ടത്തിലുണ്ടായിരുന്നവരെയും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |