മുംബയ് : ഒരുകാലത്ത് ബോളിവുഡിലെ ഗ്ലാമർ താരമായിരുന്ന മമത കുൽക്കർണി സിനിമാ ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ മമത കുൽകർണിതന്നെയാണ് തന്റെ ആത്മീയ യാത്രകളുടെ വിവരം ഇൻസ്റ്റഗ്രാം വഴി ഔദ്യോഗികമായി അറിയിച്ചത്. ഇപ്പോഴിതാ സന്യാസം സ്വീകരിച്ച മമത കിന്നർ അഖാഡയിയിലെ മഹാമണ്ഡലേശ്വർ എന്ന പദവി ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. കിന്നർ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വർ ആയ ലക്ഷ്മി നാരായൺ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിലവിൽ ചടങ്ങുകൾ നടക്കുകയാണെന്നും മമതയ്ക്ക് ആത്മീയ നാമം നൽകിയിട്ടുണ്ടെന്നും അവർ വാർത്താ ഏജൻസികളോട് വ്യക്തമാക്കി . യാമൈ മമ്ത നന്ദഗിരി എന്നാണ് ഇപ്പോൾ നടിയുടെ പേര്..
രണ്ട് വർഷമായി നടി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതായും അവർ പറഞ്ഞു. മമത കുൽക്കർണിക്ക് വേണമെങ്കിൽ ഏതെങ്കിലും ഭക്തി കഥാപാത്രത്തെ അവതരിപ്പിക്കാൻ അനുവാദമുണ്ടെന്നും ലക്ഷ്മി നാരായൺ അറിയിച്ചു.
90 കളിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഉൾപ്പെടെ സൂപ്പർതാരങ്ങൾക്കൊപ്പം അക്കാലത്തെ സിനിമകളിലെ സജീവസാന്നിദ്ധ്യമായിരുന്നു താരം. മലയാളത്തിലും ഒരുസിനിമയിൽ മമത കുൽക്കർണി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിന് പുറമേ മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെയും ഭാഗമായിട്ടുണ്ട്.25 വർഷത്തോളം നീണ്ട ബോളിവുഡ് ജീവിതത്തിനിടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും ബോക്സ് ഓഫീസ് ഹിറ്റുകളായ ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. 2000 കോടിയുടെ ലഹരിക്കേസിൽ താരം ഉൾപ്പെട്ടിരുന്നു. ഈ കേസ് പിന്നീട് ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തനിക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള ലഹരിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയെ സമീപിക്കുകയായിരുന്നു. 2016ൽ താനെയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണു കേസിൽ നടിയുടെ പങ്ക് പുറത്തായത്. കേസിൽ മമത ഉൾപ്പെടെ 7 പേർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 3 വീടുകൾ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |