വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമിച്ച് കൊന്ന രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനം മന്ത്രി എ കെ ശശീന്ദ്രനെ വഴിയിൽ തടഞ്ഞ് നാട്ടുകാർ. വലിയ രീതിയിലുളള പ്രതിഷേധമാണ് നടന്നത്. രാധയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെ മന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പൈലറ്റ് വാഹനത്തിന്റെ മുൻപിൽ കരിങ്കൊടിയുമായാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇവരെ റോഡിൽ നിന്ന് ബലം പ്രയോഗിച്ച് പൊലീസ് നീക്കിയാണ് മന്ത്രിക്കായി വഴിയൊരുക്കിയത്.
രാധ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും വീട് സന്ദർശിക്കാതിരുന്ന മന്ത്രി ഇപ്പോൾ എന്തിനാണ് വന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കടുത്ത സുരക്ഷയോടെയാണ് മന്ത്രി രാധയുടെ വീടിനുളളിലേക്ക് പ്രവേശിച്ചത്. ഈ സമയം നാട്ടുകാർ കൂകിയാണ് പ്രതിഷേധിച്ചത്.
അതേസമയം, പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ച ഉത്തരവ് പുറത്തിറങ്ങി. നരഭോജിയാതിനാൽ കടുവയെ വെടിവച്ച് കൊല്ലാൻ കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്നത്. തുടർച്ചയായ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിയമോപദേശം തേടിയാണ് ഈ തീരുമാനമെടുത്തതെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിക്കാനുളള തീരുമാനമാണ് ഇപ്പോൾ എടുത്തത്. കൂട് വച്ച് പിടിക്കുക, മയക്കുവെടി വയ്ക്കുക തുടങ്ങിയ നടപടി ക്രമങ്ങളിൽ പോകാതെ അനുയോജ്യമായ സാഹചര്യത്തിൽ വെടിവച്ച് കൊല്ലാനുളള ഉത്തരവാണ് ഉന്നതസമിതി എടുത്തിരിക്കുന്നത്. വനത്തിനകത്തെ അടിക്കാടുകൾ വനം വകുപ്പ് നീക്കം ചെയ്യണം. തോട്ടങ്ങളുമായി ബന്ധപ്പെട്ട അടിക്കാടുകൾ തോട്ടം ഉടമകൾ നീക്കം ചെയ്യണം. ഇങ്ങനെയുളള പ്രദേശങ്ങളിൽ ക്യാമറകളുടെ അഭാവമുണ്ട്. ഈ പ്രശ്നം ഫെബ്രുവരി ഒന്നിനകം പരിഹരിക്കപ്പെടും. ആറ് പഞ്ചായത്തുകളിൽ ഇത്തരത്തിലുളള അപകടം ഉണ്ടാകാൻ സാദ്ധ്യതയുളളതിനാൽ പെട്രോളിംഗ് ശക്തമാക്കും'- മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |