പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതോടെയാണ് കേരളത്തിൽ തൂക്കുമരം ലഭിച്ചവരെ കുറിച്ച് വീണ്ടും ചർച്ചയായത്. കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിലാണ്. റിപ്പർ ചന്ദ്രൻ എന്ന പേരിൽ അറിയപ്പെടുന്ന നിലേശ്വരം കരിന്തളം സ്വദേശി മുതുകുറ്റി ചന്ദ്രനെയാണ് തൂക്കിലേറ്റിയത്. അന്ന് ആരാച്ചാർ ഇല്ലാത്തത് കൊണ്ട് ജയിൽ സൂപ്രണ്ടായ അരയാക്കണ്ടിപ്പാറ പച്ചഹൗസിൽ എൻപി കരുണാകരനാണ് വധശിക്ഷ നടപ്പാക്കിയത്. ഇപ്പോഴിതാ ആരാച്ചാർ ഇല്ലാതിരുന്നിട്ടും വധശിക്ഷ മാറ്റിവയ്ക്കാതെ സൂപ്രണ്ട് ആ ജോലി ഏറ്റെടുത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് മുൻ റിട്ട. എസ്പി ജോർജ് ജോസഫ്.
ജോർജ് ജോസഫിന്റെ വാക്കുകളിലേക്ക്
'ജില്ലാ ജഡ്ജി റിപ്പർ ചന്ദ്രനെ മരണം വരെ തൂക്കിലേറ്റണമെന്ന് വിധിച്ചു. തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാൻ റിപ്പർ ചന്ദ്രൻ സുപ്രീം കോടതിയിൽ പോയി. സുപ്രീം കോടതി ആ തൂക്ക് വിധി ശരിവച്ചു. ഇന്ത്യൻ പ്രസിഡന്റിന് കൊടുത്ത ദയാഹർജിയും തള്ളി. അതിനുശേഷം റിപ്പർ ചന്ദ്രന് മറ്റ് മാർഗങ്ങളൊന്നുമില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കുകയർ വിധിച്ചുകിടക്കുന്ന ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കേണ്ടത് ജയിൽ സൂപ്രണ്ട് തന്നെയാണ്.
ജില്ലാ കോടതിയിൽ നിന്ന് തൂക്കുകയർ വിധിച്ച ആളെ മരണവാറണ്ട് കൊടുത്താണ് അയക്കപ്പെടുന്നത്. അയാളെ മരണം വരെ തൂക്കിലേറ്റേണ്ട ചുമതല ജയിൽ സൂപ്രണ്ടിന്റേതാണ്. എന്നാൽ കേരളത്തിൽ ആരാച്ചാർ ഇല്ല. ആ ജോലിക്ക് ആളില്ലാതെ വന്നപ്പോൾ ജയിൽ സൂപ്രണ്ട് തന്നെ അയാളെ തൂക്കേണ്ടിവന്നു. കാരണം മരണ വാറണ്ട് (ബ്ലാക്ക് വാറണ്ട്) ജയിൽ സൂപ്രണ്ടിന് എത്തിച്ച് കഴിഞ്ഞാൽ ആ വിധി നടപ്പാക്കേണ്ട ചുമതല അയാൾക്കാണ്. ആ വിധി നടപ്പാക്കിയിട്ട് ജില്ലാ കോടതിയെ അറിയിക്കണം. അതുകൊണ്ടാണ് ജയിൽ സൂപ്രണ്ട് ആ ചുമതല ഏറ്റെടുത്തത്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |