പാലക്കാട്: നെന്മാറയിൽ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയ്‌ക്കെതിരെ മുമ്പ് പരാതിപ്പെട്ടെങ്കിലും പൊലീസ് ഗൗനിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖിലയും രംഗത്ത്. ഭാര്യ പിണങ്ങിപ്പോയതിന്റെ കാരണം അയൽക്കാരാണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഈ വൈരാഗ്യത്തിന്റെ പുറത്താണ് 2019ൽ സുധാകരന്റെ ഭാര്യ അജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്നും നാട്ടുകാർ പറയുന്നു. ചെന്താമര ആക്രമിക്കുമെന്ന ഭീതിയിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നതെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
അജിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മാസങ്ങൾക്ക് മുമ്പാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്. ഇതിന് മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ല. ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ഡിസംബർ 29ന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതി പൊലീസ് കാര്യമാക്കിയില്ല'- അഖില പറയുന്നു. കൊല്ലപ്പെട്ട സുധാകരൻ തമിഴ്നാട്ടിൽ ഡ്രൈവറാണ്. ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം.
ചെന്താമര തങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പൊലീസിന് പരാതി നൽകിയിരുന്നു. ആ പരാതിയും പൊലീസ് ഗൗനിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. 'ചെന്താമര സൈക്കോയാണ്. പുതിയ വസ്ത്രമിട്ട് വീടിന് മുന്നിലൂടെ പോയാലോ, വീട്ടിലേക്ക് നോക്കിയാലോ ഫോൺ ചെയ്താലോ വരെ ഇയാൾ അക്രമാസക്തമാകും. സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുന്നതിന് മുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെയും ഇയാൾ കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു'- നാട്ടുകാർ പറയുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ചെന്താമരയുടെ ഭാര്യയും മക്കളും പിണങ്ങിപ്പോയത്. ഇതിന് കാരണം അയൽവാസികളാണെന്ന തരത്തിലായിരുന്നു ചെന്താമരയുടെ പെരുമാറ്റം. ഇയാൾക്കെതിരെ പരാതി നൽകിയപ്പോൾ, ജയിൽ ശിക്ഷ കഴിഞ്ഞ് വന്നയാളെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ മറുപടിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |