തൃശൂർ: ചെറുപ്പത്തിലാണ് സൈക്കിൾ ഡോ. സി.വി. കൃഷ്ണകുമാറിന്റെ (52) ജീവിതത്തിലേക്ക് കയറിവന്നത്. പേരെടുത്ത ഡോക്ടറായപ്പോഴും സൈക്കിളിനെ അദ്ദേഹം ചേർത്തുപിടിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ദ്ധനായ കൃഷ്ണകുമാർ ആശുപത്രിയിൽ വരുന്നതും സൈക്കിളിലാണ്.
നഗരത്തിലെ വീട്ടിൽ നിന്ന് മുളങ്കുന്നത്തുകാവിലെ ആശുപത്രിയിലെത്താൻ 12 കിലോമീറ്റർ സൈക്കിൾ ചവിട്ടണം. 25 മിനിട്ടത്തെ യാത്ര. പത്ത് വർഷമായുള്ള പതിവാണിത്. തിരുവനന്തപുരമടക്കമുള്ള ജില്ലകളിലും സൈക്കിളിൽ പോയിട്ടുണ്ട്. ബംഗളൂരു - മൈസൂരു - ബംഗളൂരു സൈക്കിൾ റൈഡായ 'ബ്രവേ"യിൽ 600 കിലോമീറ്റർ ദൂരം ചവിട്ടിയതാണ് നേട്ടം. കോയമ്പത്തൂർ - സേലം റൈഡിലും (400 കിലോമീറ്റർ) പങ്കെടുത്തിരുന്നു.
സ്വിറ്റ്‌സർലാൻഡിലെ ബി.എം.സി പ്രൊഫഷണൽ സൈക്കിളിലാണ് യാത്ര. അഞ്ച് ലക്ഷത്തിലേറെയാണ് വില. ഇലക്ട്രോണിക് നിയന്ത്രിതമാണ്. നീണ്ടയാത്രകൾക്ക് അനുയോജ്യം. ഭാര്യ: ഡോ. ജീന. മകൾ: ഗൗരി (അദ്ധ്യാപിക).
സ്വന്തം ഡിസൈനിലും സൈക്കിൾ
എം.ബി.ബി.എസിന് പഠിക്കുമ്പോഴും ജോലി കിട്ടിയിട്ടും യാത്ര സൈക്കിളിൽത്തന്നെ. അതിനിടെ കാൽമുട്ടിന് രോഗം വന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷവും ദീർഘദൂര സൈക്ലിംഗ് മത്സരത്തിൽ പങ്കെടുത്തു.
എല്ല് തേയ്‌മാനം വരുത്താത്ത സൈക്കിൾ ചെലവ് ചുരുക്കി നിർമ്മിക്കാനായിരുന്നു തുടർന്നുള്ള ശ്രമം. ഇതിനായി സൈക്ലിംഗിന്റെ ശാസ്ത്രീയത പഠിച്ചു. തൃശൂർ പാട്ടുരായ്‌ക്കൽ ഗിരിജ തിയേറ്റിന് പിന്നിലുള്ള വീടിനോട് ചേർന്ന് ക്രാങ്ക് എന്ന ഇംപോർട്ടഡ് സൈക്കിൾ സെയിൽ-സർവീസ് ഷോപ് തുടങ്ങാൻ സ്ഥലം സൗജന്യമായി നൽകി.
വൻകിട കമ്പനികൾ ലക്ഷത്തോളം രൂപയ്ക്ക് വിൽക്കുന്ന സൈക്കിളുകൾ വിലക്കുറവിൽ ഇവിടെ കിട്ടും. അവയിൽ ഡോ. കൃഷ്ണകുമാർ ഡിസൈൻ ചെയ്ത ലോ കോസ്റ്റ് ഹൈബ്രിഡ് സൈക്കിളുണ്ട്. ഈയിടെ അത് പുറത്തിറക്കി. ജില്ലയിലെ പല ഷോപ്പിലും ക്രാങ്ക് സൈക്കിൾ ലഭ്യമാണ്.
നീണ്ട റൈഡുകൾ ഇനിയും ചെയ്യണം. സാധാരണക്കാരെയും സൈക്കിൾ യാത്രയ്ക്ക് പ്രചോദിപ്പിക്കാൻ കഴിയണം. ചുരുങ്ങിയ ചെലവിൽ സൈക്കിളുകൾ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.
ഡോ. കൃഷ്ണകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |