ദുബായ്: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ളണ്ടുമടക്കം വിവിധ രാജ്യങ്ങൾ തമ്മിൽ അന്താരാഷ്‌ട്ര മത്സരങ്ങൾ നടക്കേണ്ട സ്റ്റേഡിയങ്ങളിൽ പലതിന്റെയും നിർമ്മാണം പൂർത്തിയായിട്ടില്ല. ഇതിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ സിഇഒ ജെഫ് അലാർഡൈസ് സ്ഥാനം ഒഴിഞ്ഞു. പാകിസ്ഥാൻ മത്സരങ്ങൾക്ക് സ്റ്റേഡിയങ്ങൾ തയ്യാറാക്കുന്നതിൽ വരുത്തിയ വീഴ്‌ചയുടെ വ്യക്തമായ ചിത്രം അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ജെഫ് രാജിവച്ചത്.
ഓസ്‌ട്രേലിയക്കാരനായ ജെഫ് വിക്‌ടോറിയയ്‌ക്കായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. പിന്നീട് 2012ൽ ക്രിക്കറ്റ് ജനറൽ മാനേജരായി ഐസിസിയിൽ ചേർന്നു. ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ഓപ്പറേഷൻസ് മാനേജരായിരുന്നു. 2021 നവംബറിലാണ് 57കാരനായ ജെഫ് ഐസിസി സിഇഒയായി ചുമതലയേറ്റത്. ഡാനി മോറിസൺ സ്ഥാനം ഒഴിഞ്ഞശേഷം എട്ട് മാസത്തോളം ആക്‌ടിംഗ് സിഇഒയായി. പിന്നീടാണ് സിഇഒയായത്.
ജെഫ് അലാർഡൈസ് രാജിവയ്‌ക്കാൻ കാരണമെന്തെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അമേരിക്കയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ സ്റ്റേഡിയങ്ങളുടെ അവസ്ഥയും ബഡ്‌ജറ്റിൽ പറഞ്ഞതിലും കൂടുതൽ ചെലവാക്കി ഐസിസിയ്‌ക്ക് നഷ്‌ടം വരുത്തിയിരുന്നതായാണ് ചില ഐസിസി വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്. അതിനാൽ തന്നെ ഐസിസിയിൽ അതൃപ്‌തി പുകയുകയായിരുന്നു. ഇതിനിടെയാണ് ജെഫ് രാജിവച്ചത്.
പാകിസ്ഥാനിൽ മത്സരങ്ങൾ നടക്കേണ്ട കറാച്ചിയിലും റാവൽപിണ്ടിയിലും സ്റ്റേഡിയങ്ങൾ ഇപ്പോഴും പകുതിമാത്രം നിർമ്മാണം പൂർത്തിയായതാണ്. ലോകക്രിക്കറ്റിലെ അഭിമാന ടൂർണമെന്റിന് അതിഥികളെ സ്വീകരിക്കാൻ കൃത്യസമയത്ത് പാകിസ്ഥാന് കഴിയുമോ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. അതിനിടെ ജെഫിന്റെ സംഭാവനകളെ ഐസിസി ചെയർമാൻ ജെയ് ഷാ പ്രകീർത്തിച്ചു. ആഗോളതലത്തിൽ ക്രിക്കറ്റിന് സ്വാധീനമുണ്ടാകാൻ അദ്ദേഹത്തിന്റെ ഇടപെടൽ കാരണമായെന്ന് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |