ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് അടി കിട്ടാതെ വളരുന്നതിന്റെ പ്രശ്‌നങ്ങളുണ്ടെന്ന് സിനിമാ-ടെലിവിഷൻ താരം വരദ. പഠിച്ച സ്‌കൂളിലെ വാർഷികാഘോഷ പരിപാടിയിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
പാലക്കാട് സർക്കാർ സ്‌കൂളിൽ അദ്ധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു വരദ. 'ആ വീഡിയോ ഭയങ്കര ഡിസ്റ്റർബിംഗ് ആയിരുന്നു. ഈ ജനറേഷനിൽപ്പെടുന്നയാളാണ് എന്റെ മോനും. ഞങ്ങളൊക്കെ സ്‌കൂളിൽ നല്ല അടി കിട്ടി വളർന്നവരാണ്. അങ്ങനെ അടി കിട്ടാത്തതിന്റെ പ്രശ്‌നങ്ങൾ ഇന്നത്തെ തലമുറയിലെ കുട്ടികൾക്കുണ്ടെന്ന് തോന്നുന്നു. പക്ഷേ അമിതമായി തല്ലുന്ന അദ്ധ്യാപകരും ഉണ്ട്. എങ്കിലും സ്‌കൂളിൽ നിന്ന് അടി കിട്ടിയും ചീത്ത കേട്ടുമൊക്കെ വളർന്നാലെ ശരിയാവുകയുള്ളൂ'- നടി പറഞ്ഞു.
മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകർക്ക് നേരെ പ്ളസ് വൺ വിദ്യാർത്ഥി കൊലവിളി നടത്തിയത്. സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പ്ളസ് വൺ വിദ്യാർത്ഥി ക്ളാസിലേക്ക് മൊബൈൽ കൊണ്ടുവന്നത്. ക്ളാസിലെ അദ്ധ്യാപകൻ മൊബൈൽ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ‌്തു.
മൊബൈൽ ഫോൺ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി പ്രധാനാദ്ധ്യാപകന്റെ മുറിയിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തു. ഫോൺ തന്നില്ലെങ്കിൽ പുറത്തിറങ്ങിയാൽ തീർത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ കൊലവിളി. സംഭവത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. തല്ലുകിട്ടാത്തതിന്റെ കുറവാണെന്നാണ് കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായത്. എന്നാൽ വിദ്യാർത്ഥിയുടെ വീഡിയോ പുറത്തുവിട്ടതിലും വിമർശനം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |