എളമക്കര: സംവിധായകൻ സനൽ കുമാർ ശശിധരനെതിരായ പരാതിയിൽ പ്രമുഖ നടിക്കുവേണ്ടി ഹാജരാകുന്നത് അഡ്വക്കേറ്റ് ശാന്തി മായാദേവി. ജീത്തു ജോസഫ്- മോഹൻലാൽ കോംബോയിലെത്തിയ സിനിമയായ ദൃശ്യത്തിലെ വക്കീലിന്റെ വേഷത്തിലൂടെയാണ് ശാന്തി ശ്രദ്ധനേടിയത്. 'നേര്' എന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥയും ശാന്തിയുടേതായിരുന്നു.
നടിയുടെ പരാതിയിൽ സനൽ കുമാർ ശശിധരനെതിരെ കഴിഞ്ഞദിവസം എറണാകുളം എളമക്കര പൊലീസ് കേസെടുത്തിരുന്നു. സനൽ കുമാറിനെതിരെ നടി 2022ൽ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ സനൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഈ കേസ് നിലനിൽക്കവേ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് താരം വീണ്ടും പരാതി നൽകിയത്. നടി നൽകിയ പരാതിയിൽ എളമക്കര പൊലീസ് ജനുവരി 27ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സനൽ കുമാർ ശശിധരൻ നിലവിൽ യു.എസിലെ വിർജിനിയയിലാണ് താമസമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതിനാൽ തന്നെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. എംബസി മുഖാന്തിരം പ്രതിയ്‌ക്കെതിരായ നടപടികൾക്കുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സനൽ കുമാർ ശശിധരനെ യുഎസിൽ സഹായിക്കുന്നവരെയും ബാധിക്കുന്ന തരത്തിലായിരിക്കും മുന്നോട്ടുള്ള നടപടികൾ എന്ന് ശാന്തി മായാദേവി പറഞ്ഞു. ഒരു കേസ് നിലനിൽക്കെ അതേ കേസിലെ പരാതിക്കാരിക്കെതിരെ അതിക്രമം മറ്റൊരു രാജ്യത്തു നിന്ന് തുടരുന്ന പ്രതിയെ ഡീപോർട്ട് ചെയ്‌ത് ഇന്ത്യയിൽ എത്തിക്കാനുള്ള സാദ്ധ്യതകളും പൊലീസ് തേടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |