തിരുവനന്തപുരം: കൈരളി ടിവി ചെയർമാൻ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾക്കായി സിപിഎം മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തെ മാന്യമായി പരിഗണിച്ചില്ലെന്നും സിപിഎം ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിന് ദേശീയ തലത്തിൽ കിട്ടേണ്ട അംഗീകാരം നഷ്ടമായെന്നും ചെറിയാൻ ഫിലിപ്പ് പോസ്റ്റിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രസ്താവനയിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്.
ചെറിയാൻ ഫിലിപ്പിന്റെ വാക്കുകളിലേക്ക്..
'മമ്മൂട്ടി ഇപ്പോഴും സിപിഎമ്മിലെ അംഗമല്ല. സഹയാത്രികനാണ്. മമ്മൂട്ടി കൈരളി ചാനലിന്റെ ചെയർമാനായിട്ട് 25 വർഷം കഴിഞ്ഞു. 25 വർഷമായി ചാനലിന്റെ ചെയർമാനെന്ന നിലയിൽ അദ്ദേഹം ഒരു ഇടതുപക്ഷ സഹയാത്രികനായിട്ട് കരുതപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം വന്ന സുരേഷ് ഗോപി രാജ്യസഭാംഗമായി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് കേന്ദ്രമന്ത്രിയായി.
ഒരു ഇടതുപക്ഷ സഹയാത്രികനായി മമ്മൂട്ടി വന്നപ്പോൾ അദ്ദേഹത്തിന് ഒരു രാജ്യസഭാ പദവി കിട്ടുമെന്ന് കരുതി. 25 വർഷത്തിനിടയിൽ അദ്ദേഹത്തിന് ഒരു രാജ്യസഭ പദവി കിട്ടിയില്ല. മാത്രമല്ല, അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ പദവി ലഭിക്കുന്നത് കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലഘട്ടത്തിലായിരുന്നു. സിപിഎമ്മിന് ഭരണം ലഭിച്ച സന്ദർഭങ്ങളിൽ സ്റ്റേറ്റ് അവാർഡുകൾ പോലും മമ്മൂട്ടിക്ക് ലഭിച്ചിട്ടില്ല. സിപിഎം സഹയാത്രികനായത് കൊണ്ട് അദ്ദേഹത്തിന് വ്യക്തിപരമായി ഒരു ലാഭവും ലഭിച്ചിട്ടില്ല. അതിൽ മമ്മൂട്ടിക്ക് വ്യസനമുണ്ട്.'- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |