SignIn
Kerala Kaumudi Online
Tuesday, 25 March 2025 10.16 AM IST

പോസിറ്റിവിറ്റിയുള്ളവർ 'തന്ത വൈബ്', നെഗറ്റിവിറ്റിയെ 'ഹീറോ'യാക്കുന്ന കൗമാരം; നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്?

Increase Font Size Decrease Font Size Print Page

kerala-students-
എഐ ആവിഷ്കൃത ചിത്രം

'തൃശൂരിൽ യുവാവിനെ പതിനാലുകാരൻ കുത്തിക്കൊന്നു'. 'പാലക്കാട് സ്‌കൂളിൽ പ്രിൻസിപ്പലിന് നേരെ കൊലവിളി നടത്തി വിദ്യാർത്ഥി'. 'തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരൻ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ കത്തിക്കുത്ത്'. സമീപ കാലത്ത് മാദ്ധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത വാർത്തകളുടെ തലക്കെട്ടുകളാണിവ. പഠനവും കൗമാര ജീവിതത്തിലെ സന്തോഷവും മാത്രം മുന്നിൽകാണേണ്ട കുട്ടികളിൽ അക്രമവാസനകൾ വളരുന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

ആധുനികതയിലേക്ക് കടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് കുട്ടികളിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങൾക്ക് ആരാണ് ഉത്തരവാദി? കുട്ടികൾക്കിടയിൽ അക്രമോത്സുകത വളരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? ഈ വിഷയം പരിഹരിക്കാൻ ആരൊക്കെ മുന്നോട്ടുവരേണ്ടതുണ്ട്?

വിഷയത്തിൽ പ്രമുഖ ക്രിമിനോളജിസ്റ്റും തൃശൂർ സെന്റ്. തോമസ് കോളേജ് വൈസ് പ്രിൻസിപ്പലുമായ ഡോ. ഫെബിൻ ബേബി കേരള കൗമുദി ഓൺലൈനുമായി സംസാരിക്കുന്നു.

കുട്ടികളുടെ ജീവിതശൈലി മാറി
പുതിയ കാലത്തെ ജനറേഷനിലെ കുട്ടികൾ തുറന്ന സൗഹൃദങ്ങളിൽ നിന്ന് മാറി അടഞ്ഞ ഗ്രൂപ്പുകളിലേക്ക് കടക്കുകയാണ്. ഈ ഗ്രൂപ്പുകൾ ഓൺലൈൻ രൂപത്തിലുള്ളതായിരിക്കാം. ഇവർ ചിലപ്പോൾ ശരീരികമായ പ്രവർത്തനങ്ങളേക്കാൾ കൂടുതൽ ഓൺലൈൻ ആക്ടിവിറ്റിയിലേക്ക് ചുരുങ്ങുകയാണ്. ഈ സമയത്ത് കുട്ടികളിൽ കൂടുതൽ നെഗറ്റീവ് ചിന്താഗതിയിലേക്ക് അകൃഷ്ടനാകും. നെഗറ്റിവിറ്റിയിൽ മാത്രം കിട്ടുന്ന ഒരു ആവേശം പല കുട്ടികളിലും പലപ്പോഴായും കാണാറുണ്ട്. നെഗറ്റീവ് കാര്യങ്ങൾ ചെയ്യുന്ന ആളുകൾക്ക് കിട്ടുന്ന അംഗീകാരം പ്രധാന ഘടകമാണ്. ആ കാഴ്ചപ്പാട് നമ്മുടെ സമൂഹത്തിനുള്ളിൽ തന്നെ വളർന്നുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ, സിനിമ എന്നിവയൊക്കെയാണ് ഇതിനെ സ്വാധീനിക്കുന്നത്.

ഇല്ലാതാക്കിയാൽ മാത്രം ജയിക്കാം
കുട്ടികൾക്കിടയിൽ പ്രചാരത്തിലുള്ള ചില ഓൺലൈൻ ഗെയിമുകളിൽ, ഒരാളെ ഇല്ലാതാക്കിയാൽ മാത്രമേ ജയിക്കാൻ കഴിയൂ എന്നൊരു ചിന്ത വളർത്താൻ കാരണമായി. പണ്ടു കാലത്താണെങ്കിൽ ഫുട്‌ബോളിലും ക്രിക്കറ്റിലും മികച്ച രീതിയിൽ കളിക്കുന്നവരായിരിക്കും ജയിക്കുക. എന്നാൽ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകളെ കൊല്ലുന്നവരാണ് ജയിക്കുക എന്ന മാനസികാവസ്ഥയിലേക്ക് അറിയാതെ കുട്ടികൾ വരുന്നു. ഇത്തരം ഓൺലൈൻ ഗെയിമുകളുടെ സ്വാധീനം ഇപ്പോഴത്തെ ജനറേഷനിലെ കുട്ടുകൾക്കിടിയിൽ നല്ല രീതിയിൽ കണ്ടുവരുന്ന ഒന്നാണ്.

dr-
ഡോ ഫെബിൻ ബേബി

നെഗറ്റീവ് ഹീറോ

നെഗറ്റീവ് കഥാപാത്രങ്ങൾക്ക് ഹീറോ പരിവേഷം നൽകുന്ന ഒരു മാദ്ധ്യമ സംസ്‌കാരത്തിലേക്ക് നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. 'ആവേശം' പോലുള്ള സിനിമകളാണ് ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ ഇഷ്ടം. പോസിറ്റീവ് കഥാപാത്രങ്ങളുള്ള സിനിമകൾ അവർക്ക് ഇഷ്ടമല്ല. പോസിറ്റീവ് കാര്യങ്ങൾ ചെയ്യുന്നവരെ 'തന്തവൈബ്' ആക്കുന്നു. മാത്രമല്ല, കാലാവസ്ഥയും കഴിക്കുന്ന ഭക്ഷണവും കുട്ടികളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ്. ലക്ഷദ്വീപിൽ ക്രൈം നിരക്ക് കുറയുന്നതിന്റെ കാരണങ്ങളിൽ ഒന്ന് അവർ കഴിക്കുന്ന ഭക്ഷണമാണെന്ന് പറയപ്പെടുന്നുണ്ട്. അവിടെയുള്ളവർ കൂടുതലായും മീൻ വിഭവങ്ങൾ കഴിക്കുന്നവരാണ്. ഒമേഗാ 3 ഫാറ്റി ആസിഡ് ആക്രമണസ്വഭാവം കുറയ്ക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നുണ്ട്. എന്നാൽ കേരളത്തിലെ പുതുതലമുറകൾക്കിടയിൽ ജങ്ക് ഫുഡ് വലിയ പ്രചാരത്തിലുണ്ട്. ഇവ കൂടുതലായി കഴിക്കുന്നത് ആക്രമസ്വഭാവം കൂട്ടാൻ കാരണമാകും.

പാരന്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ കാലത്തെ പാരന്റിംഗ് ഒളിച്ചുകളിയിലേക്ക് മാറുകയാണ്. എന്റെ മകൻ അല്ലെങ്കിൽ മകൾ പറഞ്ഞാൽ കേൾക്കില്ല എന്ന തലത്തിലേക്ക് അവരെ ചെറിയ പ്രായത്തിൽ തന്നെ രക്ഷിതാക്കൾ ലേബൽ ചെയ്യുന്നു. അതൊരു ലൈസൻസ് പോലെയാണ് കുട്ടികൾ കാണുന്നത്. ഇതോടെ കുട്ടികൾ തെറ്റ് ചെയ്യുന്നത് ആവർത്തിക്കുന്നതിലേക്ക് കടക്കുന്നു. 'അവരോട് പറഞ്ഞാൾ കേൾക്കില്ല' എന്നാണ് ഇന്നത്തെ രക്ഷിതാക്കൾ പറയുന്നത്. എന്നാൽ പറഞ്ഞ് കേൾപ്പിക്കുകയാണ് ചെയ്യേണ്ടത്. പാരന്റിംഗ് സ്ട്രിക്റ്റ് ആക്കുന്നതിനേക്കാൾ ഉപരി വളരെ ഫ്രണ്ട്ലിയായി കൈകാര്യം ചെയ്യുക.

kerala-school-

സ്‌കൂളുകൾക്കും കൃത്യമായ റോളുണ്ട്

അവൻ അല്ലെങ്കിൽ അവൾ മോശമാണെന്ന് പറഞ്ഞ് ലേബൽ ചെയ്യുകയല്ലാതെ മറ്റൊന്നും സ്‌കൂളിലെ അദ്ധ്യാപകർ ചെയ്യുന്നില്ല. കുട്ടികൾ നേരിടുന്ന പ്രശ്നത്തെ കൃത്യമായി അഡ്രസ് ചെയ്യാൻ അദ്ധ്യാപകർക്ക് സാധിക്കണം. രക്ഷിതാക്കളെ വിളിച്ച് കാര്യം പറഞ്ഞാൽ തന്റെ ജോലി തീർന്നു എന്ന തലത്തിലേക്ക് അദ്ധ്യാപകർ കടക്കുന്നുണ്ട്. എന്നാൽ ഇതിന് പകരമായി രക്ഷിതാക്കളും അദ്ധ്യാപകരും മുൻകയ്യെടുക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല, ഇന്ന് എല്ലാ സ്‌കൂളുകളിലും കൗൺസലർമാരുണ്ട്. കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും തിരിച്ചറിയാൻ അവർ ശ്രമിക്കണം. ഇതോടൊപ്പം നമ്മുടെ സമൂഹത്തിനും കൃത്യമായ റോളുകളുണ്ട്. ഒരു കുട്ടി മോശക്കാരനാണെന്ന് ചിത്രീകരിക്കുന്നതിന് പകരം അയാളെ തിരിച്ചുകൊണ്ടുവരാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.

TAGS: KERALA, MENTAL HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.