വയനാട്: പുത്തുമല ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും. 18 ദിവസത്തെ തെരച്ചിലിനൊടുവിലാണ് പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കുന്നത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ പുത്തുമലയിൽ നിന്നും മടങ്ങിയിരുന്നു.
അതേസമയം, കവളപ്പാറയിൽ 11 പേരെ കൂടി കണ്ടെത്താനുണ്ട്. പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരും. ഹംസ എന്നയാളെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് പുത്തുമലയിൽ നടക്കുക. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് നേരത്തെ തെരച്ചിൽ നടത്തിയ പച്ചക്കാട് മേഖലയിൽ ഒരിക്കൽ കൂടെ തെരച്ചിൽ നടത്തുന്നത്. കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് പുത്തുമലയിൽ ഇതുവരെ കണ്ടെത്താനായത്.
കഴിഞ്ഞ നാലു ദിവസങ്ങളിലെ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് ചേരും.