SignIn
Kerala Kaumudi Online
Tuesday, 11 February 2025 12.44 AM IST

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ അന്ധനാക്കിയത് അന്ധവിശ്വാസം ?

Increase Font Size Decrease Font Size Print Page
chenthamara

വിവിധ സാമൂഹിക വികസന സൂചികകളിൽ നമ്പർ വൺ ആയ കേരളത്തെ കുറിച്ച് നാം അഭിമാനിക്കുമ്പോഴും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മനുഷ്യ ജീവനേക്കാൾ മുൻഗണന നൽകുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. കേരളത്തിലെ മിക്ക അന്ധവിശ്വാസ കൊലപാതകങ്ങൾക്കും ജോത്സ്യവും പ്രവചനങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ലായെന്ന് ഓർമ്മിപ്പിക്കുകയാണ് നെന്മാറയിലെ ഇരട്ടക്കൊല. 2022ൽ ഇലന്തൂർ നരബലിക്കേസ് പുറത്തുവന്നപ്പോൾ ഞെട്ടിയവർ പലരും ചോദിച്ചു നമ്മുടെ കേരളത്തിലോ ഇതെന്ന്. അതെ നമ്മുടെ കേരളത്തിൽ തന്നെ! നന്തൻകോട്ടെ കൊലപാതകവും കട്ടപ്പനയിലെ ഇരട്ടക്കൊലപാതകവുമൊക്കെ സംഭവിച്ചതും ഇതേ കേരളത്തിലാണ്. സംസ്ഥാനത്ത് അന്ധവിശ്വാസത്തിന്റെ മറവിൽ ചെറുതും വലുതുമായ നിരവധി സാമ്പത്തിക തട്ടിപ്പുകളും പുറത്തുവരുന്നുണ്ട്. പുറംലോകമറിഞ്ഞ സംഭവങ്ങൾ ഇത്രയും മാത്രമാണെങ്കിൽ, ഇനിയും പുറത്തുവരാത്തതായി എത്രമാത്രമുണ്ടാകും…? ഒരു കുടുംബത്തിലെ മൂന്നുപേരെ അതിക്രൂരമായി വകവരുത്താനുണ്ടായ പകയക്ക് പിന്നിൽ എന്താണ്? നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തിലെയും 2019ലെ സജിത വധക്കേസിലെയും ക്രൂരതയുടെ നാൾ വഴികൾ ഇപ്രകരാമാണ്.

അന്ധവിശ്വാസിയായ

ചെന്താമര

കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. ഇയാളുടെ കുടുംബം തകർന്നതിന് പിന്നിൽ മുടിനീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് വിശ്വസിച്ച ചെന്താമര തൊട്ടടുത്ത വീട്ടിലെ സജിതയെയും പുഷ്പയെയും സംശയിച്ചു. സജിത ഫോണിൽ സംസാരിക്കുമ്പോൾ അത് തന്റെ ഭാര്യയോടാണെന്ന് കരുതി. ജോത്സ്യന്റെ വാക്കു വിശ്വസിച്ച് സജിതയുടെ കുടുംബത്തെ നശിപ്പിക്കാൻ മനസിൽ വൈരാഗ്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു. 2019ൽ വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.

സജിതയെ കൊലപ്പെടുത്തിയ ശേഷം പോത്തുണ്ടി മലയിലാണ് ചെന്താമര ഒളിച്ചത്. പൊതുവിൽ എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള സ്ഥലമാണ് ഇവിടം. പ്രതിക്കായി നാട് മുഴുവൻ തിരച്ചിൽ നടത്തിയിട്ടും അന്ന് ഒരുപാടു ശ്രമിച്ചിട്ടാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്. അന്നും വിശപ്പ് തന്നെയായിരുന്നു ചെന്താമരയെ കുടുക്കിയത്. വിശപ്പ് സഹിക്കാതെയാണ് ചെന്താമര അമ്മ താമസിച്ചിരുന്ന വീട്ടിലേക്കെത്തിയത്. ഇവിടെ നിന്നും കഞ്ഞി വാങ്ങിക്കുടിക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട് നടപടികൾ പൂർത്തിയാക്കിയ ശേഷം വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു പ്രതി.

പിന്നീട്, 2022 മേയിലാണ് ജാമ്യത്തിലിറങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പാലക്കാട് സെഷൻസ് കോടതിയെ സമീപിച്ചു. ചെന്താമര നെന്മാറ സ്റ്റേഷൻ പരിധിയിൽ കയറിയാൽ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് പൊലീസ് റിപ്പോർട്ട് നൽകി. ഡ്രൈവറാണെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി അന്ന് ജാമ്യത്തിൽ ഇളവ് നൽകിയത്.

സെക്യൂരിറ്റിക്കാരനായ

ചെന്താമര

കഴിഞ്ഞ ഒന്നരക്കൊല്ലമായി കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിലെ ക്വാറിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ചെന്താമര. കഴിഞ്ഞ ഡിസംബറിലാണ് ചെന്താമര വയറിന് സുഖമില്ലെന്നു പറഞ്ഞ് പാലക്കാട്ടേക്ക് തിരിച്ചത്. ഒന്നരവർഷം ക്വാറിയിൽ ജോലി ചെയ്‌തെങ്കിലും നാട്ടുകാരുമായി സൗഹൃദമുണ്ടായിരുന്നില്ല. തന്റെ ഉയർച്ചയ്ക്ക് ദോഷം നിൽക്കുന്നവരെയാണ് താൻ കൊല്ലുന്നതെന്ന് പ്രതി നേരത്തെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.

പക വീട്ടാൻ

പോത്തുണ്ടിയിൽ

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തുന്നത്. നെന്മാറ ടൗണിൽ കാത്തുനിൽക്കുന്ന മകൾ അഖിലയെ കാണാനായി വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ പുറത്തിറങ്ങവേയാണ് പതിയിരുന്ന ചെന്താമര കൈയിലുള്ള കൊടുവാൾ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയത്. ശബ്ദംകേട്ട് പുറത്തേക്കെത്തിയ അമ്മ ലക്ഷ്മിയെയും വകവരുത്തിയ ശേഷം ചെന്താമര ഒളിവിൽപോകുകയായിരുന്നു. ക്ഷേമനിധി ബോർഡിലേക്കുള്ള രേഖകൾ തയാറാക്കുന്നതിനായി നെന്മാറ ടൗണിൽ കാത്തിരിക്കുമ്പോഴാണ് സുധാകരന്റെ മകൾ അഖില വിവരമറിയുന്നത്. ആഴത്തിലുള്ള 12 മുറിവുകളാണ് ലക്ഷ്മിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്, കഴുത്തിനേറ്റ വെട്ട് അടക്കം 8 മുറിവുകൾ സുധാകരന്റെ ശരീരത്തിലുമുണ്ടായിരുന്നു. തിരുപ്പൂരിൽ ഡ്രൈവറായിരുന്ന സുധാകരൻ ഞായറഴ്ച ദിവസങ്ങളിലാണ് വീട്ടിൽ വരുന്നത്.

അന്ധവിശ്വാസങ്ങളെ

പ്രതിരോധിക്കാൻ നിയമംവേണം

കേരളത്തെ നടുക്കിയ നരബലികൾ മുതൽ നെന്മാറയിലെ കൊലപാതകം വരെ വിവിധ സംഭവങ്ങളിൽ, ആളുകൾ എങ്ങനെ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ഇരയായി എന്നതിൽ നിന്നും നമുക്ക് ഈ ഭീകരത തിരിച്ചറിയാം. അന്ധവിശ്വാസങ്ങളെ എങ്ങനെ നേരിടാം എന്നാണ് ചിന്തിക്കേണ്ടത്. ഇത് പ്രതിരോധിക്കുന്നതിനുള്ള ശക്തമായ നിയമനിർമാണം തന്നെയാണ് ആവശ്യം. എന്നാൽ സർക്കാറിന്റെ ആ നീക്കം വർഷങ്ങളായി പലവിധ സമ്മർദ്ദങ്ങളിൽപ്പെട്ട് ചുവപ്പുനാടയിലാണ്.
2014ൽ അന്ന് എഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രൻ ഒരു നിയമം തയ്യാറാക്കി. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ 2014. അന്നത്തെ യുവ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നെല്ലാം അഭിപ്രായങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയ അതിൽ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഏഴ് വർഷം വരെ തടവും രണ്ടുലക്ഷം രൂപ വരെ പിഴയുമാണ് നിർദേശിച്ചത്. വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷം നിയമം കൊണ്ടുവരുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിലടക്കം ആവർത്തിച്ച് പ്രഖ്യാപിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല.

ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മിഷൻ 2019 ഒക്ടോബറിൽ തയ്യാറാക്കി കൈമാറിയ ദുർമന്ത്രവാദ, ആഭിചാരക്രിയകൾ തടയലും ഇല്ലാതാക്കലും ലക്ഷ്യമിട്ടുള്ള ബിൽ ഇന്നും 'ഫ്രീസറി'ൽ തന്നെ. കുറ്റകൃത്യങ്ങൾക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 5000 മുതൽ 50,000 രൂപ വരെ പിഴയുമാണ് ഇതിൽ നിർദേശിക്കുന്നത്. സർക്കാർ കൂടി നിർദേശിച്ചിട്ടാണ് കമ്മിഷൻ ഇത്തരമൊരു ബിൽ തയ്യാറാക്കിയതെന്നും ശ്രദ്ധേയമാണ്. ഏറ്റവും ഒടുവിൽ വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വേർതിരിവ് കൃത്യമായി നിർവചിച്ചിട്ടില്ലെന്നു പറഞ്ഞ് കരട് ബില്ല് പിൻവലിക്കുന്ന സ്ഥിതിയിലാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2018 ആഗസ്റ്റിൽ ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിന് പി.ടി തോമസ് എം.എൽ.എ സ്വകാര്യബിൽ അവതരിപ്പിച്ചിരുന്നു. സമഗ്രനിയമം നിർമ്മിക്കുന്നത് പരിഗണനയിലാണെന്ന് പറഞ്ഞ് സ്വകാര്യബില്ലിനെ സർക്കാർ അംഗീകരിച്ചില്ല. 2021 ആഗസ്റ്റിൽ കെ.ഡി. പ്രസേനൻ അവതരിപ്പിച്ച കേരള അന്ധവിശ്വാസ അനാചാര നിർമാർജനബിൽ എന്ന സ്വകാര്യബില്ലിനും ഇതു തന്നെയായിരുന്നു ഗതി. വിശ്വാസത്തിന്റെ മറവിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ തടയാനുള്ള ഒരു നിയമം ഇന്നും നമ്മുടെ സംസ്ഥാനത്തില്ല.

കാലാകാലങ്ങളായി നിലനിന്നിരുന്ന പലതരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തോൽപ്പിച്ച് തന്നെയാണ് ഈ കാണുന്ന കേരളസമൂഹം സൃഷ്ടിക്കപ്പെട്ടത്. ബുദ്ധിയും വിവേകവും ശാസ്ത്രബോധവുമുള്ള ഒരു തലമുറ വളർന്നുവരുന്നു എന്നത് പ്രത്യാശ നൽകുന്ന ഒരു വലിയ ഘടകമാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയും, സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അവർക്ക് ലഭിക്കുന്ന അറിവുകളും ശാസ്ത്രാവബോധം വളരാൻ സഹായിക്കട്ടെ.

TAGS: NENMARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.