മൂവാറ്റുപുഴ: വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് ടുവീലർ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. തൊടുപുഴ കോളപ്ര ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങരവീട്ടിൽ അനന്ദുകൃഷ്ണനെയാണ് (26) അറസ്റ്റുചെയ്തത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ ബ്ലോക്കിനുകീഴിൽ സൊസൈറ്റിയുണ്ടാക്കിയായിരുന്നു 9 കോടിയോളം രൂപയുടെ ആദ്യതട്ടിപ്പ്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികൾ ഉണ്ടാക്കി പണപ്പിരിവ് നടത്തിയിട്ടുണ്ട്.
2022 മുതൽ സ്കൂട്ടർ, ഗൃഹോപകരണങ്ങൾ, ലാപ്ടോപ്, തയ്യൽമെഷീൻ തുടങ്ങിയവ 50ശതമാനം ഇളവിൽ നൽകുമെന്ന് പറഞ്ഞ് സന്നദ്ധസംഘടനകളെയും മറ്റ് സൊസൈറ്റികളെയും സ്വാധീനിച്ചായിരുന്നു തട്ടിപ്പ്. സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കിയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.
ആദ്യഘട്ടത്തിൽ ബുക്കുചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങിക്കൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്. പ്രതി അടിമാലി സ്റ്റേഷനിലെ തട്ടിപ്പ്കേസിൽ റിമാൻഡിലായിട്ടുണ്ട്. എറണാകുളം കച്ചേരിപ്പടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ പി.സി. ജയകുമാർ, ബിനോ ഭാർഗവൻ, സീനിയർ സി.പി.ഒമാരായ സി.കെ. മീരാൻ സി.കെ. ബിബിൽ മോഹൻ, കെ.എ. അനസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |