തിരുവനന്തപുരം:ചരക്കുനീക്കത്തിന്റെ കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി കേന്ദ്രബഡ്ജറ്റിൽ പ്രത്യേക പാക്കേജും പലിശരഹിത ദീർഘകാല വായ്പയുമാണ് തലസ്ഥാനം കാത്തിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും 5000കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല.
കമ്മിഷനിംഗിന് മുൻപേ 144കപ്പലുകളിൽ 2.9ലക്ഷം കണ്ടെയ്നറുകൾ ആറുമാസം കൊണ്ട് കൈകാര്യം ചെയ്ത് ശേഷി തെളിയിച്ച തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനം 2028-ൽ പൂർത്തിയാക്കേണ്ടതാണ്. വല്ലാർപാടവും 17ചെറുകിട തുറമുഖങ്ങളുമായി കൂട്ടിയിണക്കി വിഴിഞ്ഞത്തെ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് ഹബാക്കി മാറ്റാനാണ് പദ്ധതി.അതിനാൽ വിഴിഞ്ഞത്തിന്റെ തുടർവികസനത്തിന് കേന്ദ്രപാക്കേജ് ലഭിച്ചേ തീരൂ.
വിഴിഞ്ഞത്തേക്ക് റോഡ്,റെയിൽ സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാരിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പലിശയില്ലാത്തതും 50വർഷ കാലാവധിയുള്ളതുമായ വായ്പ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വികസനത്തിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനാണ് കേന്ദ്രം 50വർഷം തിരിച്ചടവ് കാലാവധിയുള്ള പലിശരഹിത വായ്പ നൽകുന്നത്. 75,000കോടിയായിരുന്ന വായ്പ കഴിഞ്ഞ ബഡ്ജറ്റിൽ ഒന്നരലക്ഷം കോടിയാക്കിയിരുന്നു. ഇത്തവണ വിഹിതം ഇതിലും വർദ്ധിക്കും.
വിഴിഞ്ഞം തുറമുഖത്തേക്ക് തുരങ്ക റെയിൽപ്പാതയൊരുക്കാൻ 1400കോടിയാണ് ചെലവ്.അഞ്ചര ഹെക്ടർ ഭൂമിയേറ്റെടുക്കണം.കൊങ്കൺ റെയിൽവേയെ നിർമ്മാണം ഏൽപ്പിക്കാൻ തീരുമാനിച്ചെങ്കിലും പണമാണ് പ്രശ്നം.പാരിസ്ഥിതികാനുമതിക്ക് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.ചരക്കുനീക്കം സുഗമമാക്കാൻ ബാലരാമപുരത്ത് നിന്ന് തുറമുഖത്തേക്കുള്ള 10കിലോമീറ്റർ റെയിൽവേ ടണൽ നാലുവർഷത്തിനകം യാഥാർത്ഥ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 2വർഷത്തിനകം ദേശീയപാത 66ലേക്കുള്ള കണക്ടിവിറ്റിയൊരുക്കുമെന്നും ഇതുസംബന്ധിച്ച് ദേശീയപാതാ അതോറിറ്റിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാതാ താത്കാലിക കണക്ടിവിറ്റിക്ക് 1.7കി.മീ അപ്രോച്ച്റോഡും നിർമ്മിക്കണം.ഔട്ടർ റിംഗ്‌റോഡിന് 6000കോടിയാണ് ചെലവ്. ഇവയ്ക്കെല്ലാമായാണ് കേന്ദ്രസഹായം തേടുന്നത്.
വായ്പയെടുക്കാൻ കുരുക്ക്
കേന്ദ്രസർക്കാർ വായ്പാപരിധി കുറച്ചതിനാൽ വിഴിഞ്ഞം വികസനത്തിന് വായ്പയെടുക്കാൻ സംസ്ഥാനത്തിന് തടസങ്ങളുണ്ട്.
കിഫ്ബിയിലൂടെ സമാഹരിക്കുന്നപണം സംസ്ഥാനത്തിന്റെ പൊതുകടത്തിൽ പെടുത്തുന്നതിനാൽ ആവഴിയുമടഞ്ഞു.
ബാങ്കുകളുടെ കൺസോർഷ്യംവഴി കടമെടുത്താലും അതുംകേന്ദ്രം പൊതുകടത്തിന്റെ പരിധിയിൽപ്പെടുത്തും.
സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചമല്ലാത്തതിനാലാണ് പലിശരഹിത,ദീർഘകാലാവധിയുള്ള കേന്ദ്രവായ്പയ്ക്ക് ശ്രമിക്കുന്നത്.
വി.ജി.എഫിലും പ്രതീക്ഷ
തുറമുഖത്തിന് വാഗ്ദാനം ചെയ്തിരുന്ന 817.80കോടി വയബിലിറ്റിഗ്യാപ്പ്ഫണ്ട്(വി.ജി.എഫ്) തിരിച്ചടവ് വ്യവസ്ഥയൊഴിവാക്കി കേന്ദ്രഗ്രാന്റായി അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു.തുറമുഖത്തുനിന്നുള്ള ലാഭവിഹിതത്തിന്റെ 20%നൽകാനാണ് കേന്ദ്രനിർദ്ദേശം.ഇതംഗീകരിച്ചാൽ 12,000കോടിയോളം തിരിച്ചടയ്ക്കേണ്ടിവരും.തൂത്തുക്കുടി തുറമുഖവികസനത്തിന് തിരിച്ചടവില്ലാത്ത വി.ജി.എഫ് നൽകിയതുപോലെ വിഴിഞ്ഞത്തിനും നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |