ന്യൂഡൽഹി: മുൻ ബോളിവുഡ് നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്‌നാനം നടത്തി സന്യാസം സ്വീകരിച്ച സംഭവം വിവാദത്തിൽ. മമതയ്‌ക്ക് സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വർ ലക്ഷ്‌മിനാരായണ ത്രിപാഠിയെ തൽസ്ഥാനത്ത് നിന്ന് നീക്കിയതായി കിന്നർ അഖാഡയുടെ സ്ഥാപകൻ ഋഷി അജയ് ദാസ് അറിയിച്ചു. എന്നാൽ, അജയ് ദാസിന് അതിനുള്ള അധികാരമില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ത്രിപാഠി പ്രതികരിച്ചത്.
കഴിഞ്ഞ 24നാണ് മമത കുൽക്കർണി യാമൈ മമത നന്ദഗിരി എന്ന പേര് സ്വീകരിച്ച് സന്യാസിയായത്. രാജ്യദ്രോഹ കേസിൽ പ്രതിയായ ഒരാൾക്ക് സന്യാസദീക്ഷ നൽകിയത് സനാതന ധർമത്തിനും രാജ്യ താൽപ്പര്യങ്ങൾക്കും നിരക്കുന്നതല്ലെന്നും അജയ് ദാസ് പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2017ൽ അജയ് ദാസിനെ അഖാഡയിൽ നിന്ന് പുറത്താക്കിയതാണെന്നും ജൂണാ അഖാഡയുമായി ബന്ധപ്പെട്ടാണ് തന്റെ പ്രവർത്തനമെന്നും മഹന്ത് ഹരിഗിരിയാണ് ആദ്ധ്യാത്മിക ഗുരുവെന്നും ലക്ഷ്മി നാരായൺ ത്രിപാഠി വിശദീകരിച്ചു. മമത കുൽക്കർണിയുടെ പേരിൽ നിലവിൽ കേസൊന്നുമില്ലെന്നും ത്രിപാഠി പറഞ്ഞു.
വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന മമത വിവാഹത്തിന് ശേഷം കെനിയയിലാണ് താമസിച്ചിരുന്നത്. 25 വർഷത്തിന് ശേഷം ജനുവരി ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്‌ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016ൽ താനെയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |