തിരുവനന്തപുരം: എന്തൊക്കെ വിവാദങ്ങൾ ഉണ്ടായാലും പാലക്കാട് ബ്രൂവറി പ്ളാന്റ് യാഥാർത്ഥ്യമാവുക തന്നെ ചെയ്യുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. എതിർപ്പുകൾക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കുന്ന പ്രശ്നമില്ലെന്നും നിക്ഷേപവും വ്യവസായവും കേരളത്തിൽ വരേണ്ടതുണ്ടെന്നും എം.ബി രാജേഷ് വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബ്രൂവറി എന്ന് പറയുന്നത് തിരുത്തേണ്ടതുണ്ട്. പാലക്കാട് വരാൻ പോകുന്നത് എഥനോളും ഇൻഎയും (എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) നിർമ്മിക്കാനുള്ള പ്ളാന്റിനാണ് അനുമതി കൊടുത്തിട്ടുള്ളത്. അതിന്റെ മൂന്നാം ഘട്ടം ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, നാലാം ഘട്ടം ബ്രൂവറിയുമാണെന്ന് മന്ത്രി പറഞ്ഞു.
പ്ളാന്റ് വന്ന് കഴിഞ്ഞാൽ കർഷകർക്കുൾപ്പടെ നിരവധി തൊഴിൽ സാദ്ധ്യതകളാണ് തുറക്കാൻ പോകുന്നത്. കാരണം പ്രധാന അസംസ്‌കൃത വസ്തുക്കൾ മരച്ചീനി, ഉപയോഗ ശൂന്യമായ നെല്ല്, വേസ്‌റ്റായി പോകുന്ന പച്ചക്കറികൾ എന്നിവയാണ്. കേരളത്തിലാകെ കർഷകർക്ക് വലിയ അവസരമാണ് ലഭിക്കാൻ പോകുന്നത്. നെല്ലിന് ഗണ്യമായി വിലകൂടും. അരി പുതിയൊരു മൂല്യവർദ്ധിത ഉത്‌പന്നമായി മാറും. അങ്ങനെ വരുമ്പോൾ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കും. കേരളത്തിന് വലിയ വരുമാന സാദ്ധ്യതയാണ് ബ്രൂവറി പ്ളാന്റ് വഴി ഉണ്ടാവുകയെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |