അഹമ്മദാബാദ്: മുൻ കോൺഗ്രസ് എംപിയും 2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട എഹ്‌സാൻ ജഫ്രിയുടെ വിധവയുമായ സാകിയ ജഫ്രി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നുരാവിലെ അഹമ്മദാബാദിലായിരുന്നു അന്ത്യം.
'അഹമ്മദാബാദിൽ എന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു അമ്മ. രാവിലെ പതിവ് പ്രവൃത്തികൾക്കുശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ അസ്വസ്ഥകൾ അനുഭവപ്പെടുന്നതായി പറഞ്ഞു. തുടർന്ന് പരിശോധിക്കാൻ വീട്ടിലെത്തിയ ഡോക്ടർ 11.30ഓടെ അമ്മ മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു'- സാകിയ ജഫ്രിയുടെ മകൻ തൻവീർ ജഫ്രി പറഞ്ഞു. അഹമ്മദാബാദിൽ എഹ്‌സാൻ ജഫ്രിയുടെ ഖബറിനോട് ചേർന്നായിരിക്കും സംസ്‌കരിക്കുക.
അയോദ്ധ്യയിൽ നിന്ന് വരികയായിരുന്ന 59 കർസേവകുമാർ ഗോധ്രയിലെ സബർമതി എക്‌സ്‌പ്രസ് തീപിടിത്തത്തിൽ മരണപ്പെട്ടതിന് പിന്നാലെ 2002 ഫെബ്രുവരി 28ന് പൊട്ടിപ്പുറപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ ഇരകളായിരുന്നു എഹ്‌സാൻ ജഫ്രിയും ഭാര്യയും. അഹമ്മദാബാദിലെ മുസ്‌ലീം പ്രദേശമായ ഗുൽമാർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട 69 പേരിൽ എഹ്‌സാൻ ജഫ്രിയുമുണ്ടായിരുന്നു. കലാപത്തിന് പിന്നിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവർക്കെതിരെ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയാണ് സാകിയ ജഫ്രി വാർത്തകളിൽ ഇടം നേടിയത്.
2006 മുതൽ ഗുജറാത്ത് സർക്കാരിനെതിരെ ദീർഘകാലം നിയമപോരാട്ടം നടത്തിയ അവർ കലാപത്തിന്റെ ഇരകൾക്ക് നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറുകയായിരുന്നു. ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് 63 പേർക്കും ക്ളീൻ ചിറ്റ് നൽകിയതും ചോദ്യം ചെയ്ത് അവർ ഹർജി ഫയൽ ചെയ്തു. എന്നാൽ 2022ൽ സുപ്രീം കോടതി ഹർജി തള്ളി. സാമൂഹിക പ്രവർത്തക തീസ്‌ത സെതൽവാദ് സാകിയ ജഫ്രിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ജഫ്രിയുടെ ഹർജിയിൽ സഹപരാതിക്കാരിയായിരുന്നു തീസ്‌ത. സാകിയ ജഫ്രിക്ക് നിയമയുദ്ധത്തിലുടനീളം തീസ്തയുടെ സന്നദ്ധസംഘടനയാണ് പിന്തുണ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |