ആസിഫ് അലി നായകനായി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് എഴുപതുകളുടെ പശ്ചാത്തലത്തിൽ. പീരിയഡ് ചിത്രത്തിന് രചന നിർവഹിക്കുന്നത് വിമൽ ഗോപാലകൃഷ്ണൻ ആണ്. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ തിരക്കഥാ പങ്കാളിയായിരുന്നു വിമൽ ഗോപാലകൃഷ്ണൻ. ആസിഫ് അലിയുടെ ജന്മ ദിനമായ ഫെബ്രുവരി 4ന് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അന്ന ബെൻ നായികയായ ഹെലൻ സിനിമയിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ മാത്തുക്കുട്ടി സേവ്യർ മലയാളത്തിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. ഹെലന്റെ ഹിന്ദി പതിപ്പ് മിലി എന്ന പേരിൽ ജാൻവി കപൂറിനെ നായികയാക്കി ഹിന്ദിയിൽ ഒരുക്കിയിരുന്നു. ഹെലന്റെ തിരക്കഥാ പങ്കാളിയായ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ഫിലിപ്പ്‌സ് എന്ന ചിത്രത്തിന് മാത്തുക്കുട്ടിയാണ് തിരക്കഥ എഴുതിയത്. അതേസമയം കൂമനു ശേഷം ജീത്തു ജോസഫുമായി കൈകോർക്കുന്ന മിറാഷ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ആസിഫ് അലി. കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിനുശേഷം ആസിഫ് അലി - അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഹക്കിം ഷാജഹാൻ, ഹന്ന റെജികോശി ,സമ്പത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. അപർണ ആർ തറക്കാട് ആണ് കഥ. തിരക്കഥ, സംഭാഷണം ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, ഛായാഗ്രഹണം സതീഷ് കുറുപ്പ്.
ഇ ഫോർ എക്സ്‌പിരിമെന്റ‌്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്‌ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ജതിൻ എം. സേഥി, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഈ വർഷത്തെ ആദ്യ ബ്ളോക് ബസ്റ്ററായ ആസിഫ് അലി ചിത്രം രേഖാചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ അനശ്വര രാജൻ ആണ് നായിക. നവാഗതനായ സേതുനാഥ് പദ്‌മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി ആണ് ആസിഫ് അലിയുടെ അടുത്ത റിലീസ്. താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് അലി ചിത്രം സർക്കീട്ട് ഏപ്രിൽ റിലീസാണ്. ദിവ്യപ്രഭയാണ് നായിക. പൂർണമായും യു.എ.ഇയിൽ ആണ് സർക്കീട്ട് ചിത്രീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |