ശബരിമല: പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള നിർദ്ദിഷ്ട റോപ്‌വേയുടെ പ്രാഥമിക സ്ഥലപരിശോധന പൂർത്തിയാക്കി സർവേക്കല്ലുകൾ സ്ഥാപിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ, സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് എന്നിവർക്ക് കൈമാറി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ നിർമ്മാണം ആരംഭിക്കും.
വനംവകുപ്പ് പെരിയാർ വെസ്റ്റ് ടൈഗർ റിസവ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് നായർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുബിൻ, പമ്പ റേഞ്ച് ഓഫീസർ മുകേഷ്, സെക്ഷൻ ഓഫീസർ രാജീവ് മധുസൂദനൻ, ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനിയർ ശ്യാമപ്രസാദ്, അസി.എൻജിനിയർ ഗോപൻ, റോപ് വേ നിർമ്മാണ കമ്പനിയുടെ ഓപ്പറേഷൻസ് ഹെഡ് ഉമാനായർ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.
വനംവകുപ്പിന്റെ പെരിയാർ ടൈഗർ റിസർവിലൂടെയും റാന്നി ഫോറസ്റ്റ് ഡിവിഷനിലൂടെയുമാണ് റോപ് വേ കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിലെ 4.5336 ഹെക്ടർ റവന്യു ഭൂമി വനംവകുപ്പിന് കൈമാറിയിരുന്നു.
ചരക്കുനീക്കം സുഗമമാകും
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമാണ് റോപ് വേ. രോഗികൾക്കും പ്രായമായവർക്കും ഡോളിയിൽ സഞ്ചരിക്കുന്നവർക്കും റോപ്‌വേ അനുവദിക്കും. പമ്പ ഹിൽടോപ്പിൽ ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ മാളികപ്പുറം പൊലീസ് ബാരക്കിന് പിന്നിലെത്തും.
ഒരേസമയം 60 ക്യാബിനുകൾ കേബിളിലൂടെ നീങ്ങും. ഒരു ക്യാബിനിൽ 500 കിലോവരെ കയറ്റാം. ഒരേസമയം 20,000 ടൺ സാധനങ്ങൾ സന്നിധാനത്തെത്തിക്കാം. സാധനങ്ങൾ സൂക്ഷിക്കാൻ പമ്പ ത്രിവേണി ഹിൽടോപ്പിലും മാളികപ്പുറത്തും ഓട്ടോമേറ്റഡ് വെയർഹൗസുകൾ നിർമ്മിക്കും.
.
ചെലവ്: 150 മുതൽ 180കോടി വരെ
നീളം: 2.7 കിലോമീറ്റർ
വേഗത: ഒരു സെക്കന്റിൽ മൂന്ന് മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |