ഇടുക്കി: കേരളമെന്ന പേരുപോലും പരാമർശിക്കാതെയുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബഡ്ജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വയനാട് പാക്കേജ് പോലും അനുവദിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിനും സഹായമില്ല. എയിംസിനെക്കുറിച്ചും പരാമർശമില്ല. കാർഷിക, വ്യാവസായിക മേഖലകൾ ഉൾപ്പെടെ എല്ലായിടത്തും നിരാശ. ആദായ നികുതി പരിധി ഉയർത്തിയത് പൊളിറ്റിക്കൽ ഗിമ്മിക്കാക്കി മദ്ധ്യവർഗത്തിന് അനുകൂലമായ ബഡ്ജറ്റെന്ന പ്രചാരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ല. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി താഴേക്കാണ് പോകുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രസക്തമായ നിർദ്ദേശങ്ങൾ ഒന്നുമില്ല. രാജ്യത്താകെ കാർഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ബഡ്ജറ്റ് മൗനം പാലിക്കുന്നു. ഇടത്തര ചെറുകിട സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയില്ല. രാജ്യത്തിന്റെ മുൻഗണനാക്രമം എന്തെന്ന് മനസിലാക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങൾ നേടിയെടുക്കുകയെന്ന അജൻഡയാണ് ബഡ്ജറ്റിലുള്ളത്. സംസ്ഥാനങ്ങളെയാകെ കൂടുതൽ ധന പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ബഡ്ജറ്റെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |