ന്യൂഡൽഹി: കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന പുതിയ വന്ദേഭാരത് ട്രെയിനുകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 20 കോച്ചുകളുളള വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ അവതരിപ്പിച്ചത്. മുൻപ് സർവീസ് നടത്തിയിരുന്ന 16 കോച്ചുകളുളള വന്ദേഭാരത് ട്രെയിനുകൾക്ക് പകരമാണിത്. 20634/20633 എന്ന നമ്പറിലുളള വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർകോട്ടേക്കാണ് സർവീസ് നടത്തുന്നത്.
ഈ ട്രെയിൻ എട്ട് മണിക്കൂർ അഞ്ച് മിനിട്ട് കൊണ്ട് സർവീസ് പൂർത്തിയാക്കും. ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണിത്. വ്യാഴാഴ്ച ഒഴികെയുളള എല്ലാ ദിവസങ്ങളിലും വന്ദേഭാരത് സർവീസ് നടത്തും. ജനുവരി പത്ത് മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം,എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുളളത്. 20634 ട്രെയിൻ തിരുവന്തപുരം സെൻട്രലിൽ നിന്ന് പുലർച്ചെ 5.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20ന് കാസർകോട് എത്തിച്ചേരും. തിരികെ 20633 ട്രെയിൻ കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട് രാത്രി 10.40ഓടെ തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
രണ്ടാമത്തെ ട്രെയിനായ 20833/20834 വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്ക് പോകുന്ന ട്രെയിനാണ് രണ്ടാമത്തേത്. എട്ട് മണിക്കൂറും 35 മിനിട്ടും കൊണ്ടും 699 കിലോമീറ്റർ പിന്നിടും. ഈ റൂട്ടിലൂടെ സർവീസ് നടത്തുന്ന അതിവേഗ ട്രെയിനാണിത്. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഈ ട്രെയിൻ ഉണ്ടാകും. ജനുവരി 11 മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. സമാൾകോട്ട് ജംഗ്ഷൻ, രാജമുണ്ട്‌രി,വിജയവാഡ, ഖമ്മാം, വാരംഗൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. 20833 ട്രെയിൻ പുലർച്ചെ 5.45ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് സെക്കന്തരാബാദിൽ എത്തിച്ചേരും. 20834 ട്രെയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് സെക്കന്തരാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 11.35ന് വിശാഖപട്ടണത്ത് എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |