ബംഗളൂരു: കാറിന് മുൻപിൽ ബോധപൂർവം ചാടി അപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബംഗളൂരുവിലെ വൈറ്റ് ഫീൽഡ് പ്രദേശത്ത് നിന്നുളള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അധികം തിരക്കില്ലാത്ത റോഡിലൂടെ കടന്നുപോയ കാറിലെ ഡാഷ്‌ക്യാം ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡ് മുറിച്ചുകടന്ന യുവാവ് മനഃപൂർവം കാറിന് മുൻപിൽ വീണ് അപകടം ഉണ്ടായെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതേസമയം,കാറിന് മുൻപിലൂടെ വന്ന ബൈക്കിലുളള യുവാക്കൾ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും അപകടത്തിൽപ്പെട്ട യുവാവിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് ഡ്യാഷ് ക്യാം ദൃശ്യങ്ങളിൽ നിന്ന് സത്യാവസ്ഥ മനസിലായത്. സേയ്ഫ് കാർ ഇന്ത്യ എന്ന പേരുളള ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്.
ബംഗളൂരുവിലെ പുതിയ തരത്തിലുളള തട്ടിപ്പെന്നാണ് ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.ഇത് കടുത്ത പ്രതിഷേധത്തിനും കാരണമായി. ഇത്തരത്തിലുളള തട്ടിപ്പിന്റെ ആശങ്കകൾ ചിലർ പങ്കുവച്ചിട്ടുണ്ട്. പൊലീസ് ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബോധവൽക്കരണവും നടത്തണമെന്നും മറ്റുചിലർ പ്രതികരിച്ചിട്ടുണ്ട്. അതേസമയം, എല്ലാ വാഹനങ്ങളിലും ഡാഷ് ക്യാം ഉറപ്പായും ഘടിപ്പിച്ചിരിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |