വൈപ്പിൻ: ഓപ്പറേഷൻ ക്ലീൻ പ്രകാരം നടത്തിയ പരിശോധനയിൽ ഒരു ബംഗ്ലാദേശി കൂടി പൊലീസ് പിടിയിലായി. എടവനക്കാട് ഭാഗത്ത് നിന്ന് സുമൻ ഹലാദാറിനെയാണ് (22) ഞാറക്കൽ പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബംഗ്ലാദേശ് - ഇന്ത്യാ അതിർത്തിയിലെ പുഴ കടന്നാണ് ഇയാൾ ഇന്ത്യയിലേക്കെത്തിയത്.
പല സ്ഥലങ്ങളിൽ തങ്ങിയ ശേഷമാണ് ഞാറയ്ക്കലിൽ എത്തിയത്. ഇയാളുടെ കൈവശം കാണപ്പെട്ട ആധാർ കാർഡുൾപ്പടെയുള്ള രേഖകൾ പരിശോധിച്ചു വരുന്നു. ഏജന്റാണ് രേഖകൾ തയ്യാറാക്കി നൽകിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇവിടെ സഹായിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
ഇതോടെ ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം റൂറൽ ജില്ലയിൽ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 35 ആയി.
കഴിഞ്ഞ ദിവസം 27 ബംഗ്ലാദേശികളെ പറവൂരിൽ നിന്ന് പിടികൂടിയിരുന്നു. മുനമ്പം ഡിവൈ.എസ്.പി എസ്.ജയകൃഷ്ണൻ, ഇൻസ്പെക്ടർ സുനിൽ തോമസ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |