ചെന്നിത്തല: പെട്രോളൊഴിച്ച് തീകൊളുത്തിയ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വൃദ്ധദമ്പതികൾ വെന്തുമരിച്ച സംഭവത്തിൽ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്ത മകൻ വിജയനെ റിമാൻഡ് ചെയ്തു. വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിനെ ചൊല്ലിയുള്ള വൈരാഗ്യത്തിൽ ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് വിജയൻ (65) വീടിന് പെട്രോളൊഴിച്ച് തീകത്തിച്ചതും വൃദ്ധ മാതാപിതാക്കളായ രാഘവനും ഭാരതിയും വെന്തുമരിച്ചതും. പ്രതിയെ സംഭവ സ്ഥലത്ത് നിന്നും 300 മീറ്റർ അകലെ നിന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം.പി മോഹന ചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനു കുമാർ എം.കെ, മാന്നാർ എസ്.എച്ച്.ഒ യുടെ ചുമതല വഹിക്കുന്ന അനീഷ്, എസ്.ഐ അഭിരാം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ അന്ന് തന്നെ വൈകിട്ട് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈദ്യ പരിശോധനകൾക്ക് ശേഷം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മാന്നാർ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |