കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിൽ ആദായ നികുതിയിൽ വമ്പൻ ഇളവ് നൽകിയതോടെ കാർ വില്പനയിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് വാഹന വിപണി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി തളർച്ചയിൽ നീങ്ങുന്ന വിപണിക്ക് പുതിയ സാഹചര്യം അനുകൂലമാകുമെന്ന് വിലയിരുത്തുന്നു. വാഹന വിലയിലെ കുതിപ്പും സാമ്പത്തിക മേഖലയിലെ തളർച്ചയും ഇന്ത്യയിലെ വാഹന നിർമ്മാതാക്കളെ വലയ്ക്കുന്നതിനിടെ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ ആദായ നികുതി പൂർണമായും ഒഴിവാകുന്നത് വൻ നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
ബഡ്‌ജറ്റ് തീരുമാനത്തിലൂടെ ഇടത്തരക്കാർക്കും ശമ്പള വരുമാനമുള്ളവർക്കും ഒരു ലക്ഷം കോടി രൂപയാണ് ചെലവഴിക്കാവുന്ന വരുമാനമായി കൈയിലേക്ക് ലഭിക്കുന്നത്.
അസംസ്കൃത സാധനങ്ങളുടെ വില വർദ്ധന മൂലം കഴിഞ്ഞ വർഷം പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം വിവിധ കാർ മോഡലുകളുടെ വില തുടർച്ചയായി വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം മാറ്റിവക്കുകയാണെന്ന് കാർ ഡീലർമാർ പറയുന്നു.
ടാറ്റ മോട്ടോർസ് വില്പനയിൽ ഇടിവ്
ജനുവരിയിൽ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ കാർ വില്പന പത്ത് ശതമാനം ഇടിഞ്ഞ് 48,076 യൂണിറ്റായി. മുൻവർഷം ജനുവരിയിൽ 53,630 കാറുകളുടെ വില്പനയാണ് കമ്പനി നേടിയത്. ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുതി വാഹനങ്ങളുടെ വില്പനയിൽ ഇക്കാലയളവിൽ 25 ശതമാനം ഇടിവുണ്ടായി. ആൾട്രോസ്, ടൈഗോർ, ടിയാഗോ, നെക്സോൺ, പഞ്ച് തുടങ്ങിയ പ്രധാന മോഡലുകളുടെയെല്ലാം വില്പനയിൽ ജനുവരിയിൽ ഇടിവുണ്ടായി.
മാരുതി സുസുക്കി ഡീലർ വില്പനയിൽ കുതിപ്പ്
വിവിധ ഡീലർഷിപ്പുകളിലേക്ക് 2,12,251 വാഹനങ്ങളാണ് മാരുതി സുസുക്കി കഴിഞ്ഞ മാസം വില്പന നടത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില്പന നിരക്കാണിത്. ജനുവരിയിൽ 1,73,599 വാഹനങ്ങളാണ് മാരുതി സുസുക്കി ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്. മുൻവർഷം ഇതേകാലയളവിൽ വില്പന 1,66,802 യൂണിറ്റുകളായിരുന്നു. കമ്പനിയുടെ കയറ്റുമതി ഇക്കാലയളവിൽ 27,100 യൂണിറ്റുകളായി ഉയർന്നു. സ്വിഫ്റ്റ്, ബലനോ, ഡിസയർ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്ക് മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |