കേരളത്തിലെ വാസ്തു വിദ്യയുമായി ബന്ധപ്പെട്ട് നിരവധിയായ പ്രചണങ്ങളുണ്ട്. അതിലൊന്നാണ് ഗോവണിയെ പരാമർശിച്ചുകൊണ്ടുള്ളത്. വീടുകളിലെ ഗോവണികൾ പ്രദക്ഷിണ ദിശയിൽ വേണം എന്ന് പറയുന്നതിന് പിന്നിലെ കാരണം പറയുകയാണ് പ്രമുഖ ആർക്കിടെക്‌ട് സുരേഷ് മഠത്തിൽ വളപ്പിൽ.
സുരേഷ് മഠത്തിൽ വളപ്പിൽ എഴുതിയത്-
" അപ്രദിക്ഷണം അശുഭകരമാണ്, വിവാഹത്തിന് കതിർമണ്ഡപത്തിൽ പ്രദക്ഷിണം വെക്കുന്നതും, ദേവാലയങ്ങളിൽ പ്രദക്ഷിണം വെക്കുന്നതും അതിനാലാണ്."
" അതുകൊണ്ടാണ് വീടുകളിലെ ഗോവണികൾ പ്രദക്ഷിണ ദിശയിൽ വേണം എന്ന് പറയുന്നത് "
ആ വാസ്തുവിദ്യാ വിദഗ്ദൻ പറഞ്ഞു നിർത്തി.
" ആര് പറയുന്നത് ..? എവിടെയാണ് അങ്ങനെ പറയുന്നത് ..? ഞാൻ ഒരു മറുചോദ്യം എറിഞ്ഞു.
" കേരളത്തിലെ വാസ്തുവിദ്യക്ക് ആധാരമായ മനുഷ്യാലയ ചന്ദ്രികയിൽ അങ്ങനെ പറയുന്നുണ്ടോ ..? " ഞാൻ ചോദിച്ചു.
മറുപടിയില്ല.
" മയമതം ..? മാനസാരം ..? ബൃഹദ് സംഹിത ..? എവിടെയെങ്കിലും പറയുന്നുണ്ടോ ..?"
അയാൾ തല ചൊറിഞ്ഞു.
" കേരളത്തിലെ എത്രയോ എണ്ണം പറഞ്ഞ കോവിലകങ്ങളിൽ, കൊട്ടാരങ്ങളിൽ, മനകളിൽ അപ്രദിക്ഷണ ദിശയിൽ ഗോവണികൾ ഉണ്ട്. ഇത് പണിയിച്ചവർക്കു ആർക്കും ഇല്ലാതിരുന്ന ഇങ്ങനെയൊരു നിയമം നിങ്ങൾക്ക് എവിടെനിന്നു കിട്ടി ..?"
കൂടുതൽ ഗുസ്തിക്ക് നിൽക്കാതെ അയാൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് സ്ഥലം വിട്ടു. ആ പണിസ്ഥലത്ത് ഞാൻ ഒറ്റക്കായി.
" ശ് .."
ആരോ വിളിക്കുന്നുണ്ട്.
ഞാൻ ചുറ്റും നോക്കി, അവിടെയെങ്ങും ആരുമില്ല.
" ഇവിടെ, താഴെ നിന്നാണ് .. ഇങ്ങോട്ട് നോക്കൂ " മധുരമാർന്ന ഒരു സ്ത്രീ ശബ്ദമാണ്.
ഞാൻ കാൽചുവട്ടിലേക്കു നോക്കി. ഭൂമീ ദേവിയാണ്.
" പടിഞ്ഞാറുനിന്നും കിഴക്കോട്ട് അപ്രദിക്ഷണ ദിശയിൽ കറങ്ങുന്ന ഭൂമിയിൽ നിന്നുകൊണ്ടാണല്ലോ ഇവർ ഇതൊക്കെ ചെയ്യുന്നത് എന്ന് മാത്രമാണ് ആകെയുള്ള ഒരു റിലാക്സേഷൻ "
ഭൂമീ ദേവി പറഞ്ഞു നിർത്തി.
" ഇവന്മാരെ ഒക്കെ ഇതുപോലെ ഓടിക്കണം" അതും പറഞ്ഞു ദേവി എനിക്കൊരു ഷെയ്ക്ക് ഹാൻഡ് തന്നു.
പിന്നെ അപ്രത്യക്ഷയായി.
ഞാൻ കണ്ടതാണ്.
ഞാനേ കണ്ടുള്ളൂ ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |