കട്ടപ്പന :അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടിയിൽ പുലിയിറങ്ങുന്നതായി തുടർച്ചയായി അഭ്യൂഹം.ഞായറാഴ്ച നായയെ പിടിച്ച് കൊന്ന് പെരിയാറിന്റെ തീരത്ത് നിന്ന് റോഡിലേക്ക് കയറുന്നത് കണ്ടെന്ന് വീട്ടമ്മയായ പുളിക്കൽ അഞ്ജു പറഞ്ഞു.
ഞായർ രാത്രി 10 ന് നായ കരയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി ലൈറ്റിട്ട് നോക്കിയപ്പോഴാണ് പട്ടിയെ കടിച്ചെടുത്തു കൊണ്ട് ഓടുന്ന പുലിയെ അഞ്ജു കണ്ടത്. ജനവാസ മേഖലയിലാണ് പുലിയിറങ്ങിയതായി അഭ്യൂഹം പരന്നിരിക്കുന്നത്.റോഡിലും അഞ്ജുവിന്റെ വീടിന്റെ പരിസരത്തും പുലിയുടേതെന്ന് തോന്നുന്ന കാൽപ്പാടുകൾ പതിഞ്ഞിട്ടുമുണ്ട്. മുമ്പ് ചപ്പാത്തിലും ആറേക്കറിലും പുലിയിറങ്ങിയതായി അഭ്യൂഹം പരന്നിരുന്നു.
4 ദിവസം മുമ്പ് യുവാവ് പുലിയെ കണ്ട് ഭയന്ന് മതില് ചാടി ഓടിരക്ഷപ്പെട്ടിരുന്നു.പിന്നീട് ആലടി ആശുപത്രി പരിസരത്തും ആലടി മലമുകളിലും പുലിയേയും പുലിക്കുട്ടിയെയും കണ്ടിരുന്നതായും നാട്ടുകാർ പറയുന്നു.
ഞായറാഴ്ച പുലിയെ കണ്ട ഉടനെ വിവരം പൊലീസിലും വനം വകുപ്പിലും അറിയിച്ചു. രാത്രി തന്നെ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാഴ്ചയായി അടുത്തിടത്തുള്ള സ്ഥലങ്ങളിലായി പുലിയെ കണ്ടതിനാൽ പ്രദേശമാകെ ഭീതിയിലാണ്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |