സുരേഷ്ഗോപിയും മുകേഷും നല്ല നടന്മാരാണ്. കൊല്ലത്തുകാരായ ഇരുവരും സിനിമയിലും പിന്നീട് രാഷ്ട്രീയത്തിലും ശോഭിച്ച് കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ്. മുകേഷ് കൊല്ലത്തെ എം.എൽ.എ എങ്കിൽ സുരേഷ്ഗോപി തൃശൂർ എം.പിയും കേന്ദ്ര സഹമന്ത്രിയുമാണ്. ദോഷം പറയരുതല്ലോ അവരെ ഈ നിലയിലേക്കെത്തിച്ച രാഷ്ട്രീയ പാർട്ടികൾ ഇരുവരുടെയും ചെയ്തികളിൽ പലപ്പോഴായി പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്. 'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ' എന്നാണ് ചൊല്ലെങ്കിലും ഇരുവരും ചെയ്യുന്ന കർമ്മങ്ങൾ പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ഇരുവരും വിവാദ പ്രസ്താവനകളിലൂടെയും വിവാദ പ്രവൃത്തികളിലൂടെയും വിമർശന വിധേയരാകുന്നതിലൂടെ ഇരുവരും പ്രതിനിധാനം ചെയ്യുന്ന പാർട്ടികൾക്കുണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതൊന്നുമല്ല. വിവാദങ്ങളിൽ നിറയുമ്പോഴൊക്കെ മുകേഷിന് സി.പി.എമ്മും സുരേഷ് ഗോപിക്ക് ബി.ജെ.പിയും അതാത് പാർട്ടി നേതാക്കളും സംരക്ഷണ കവചം ഒരുക്കേണ്ട ഗതികേടിലാണ്. സമൂഹമാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇരുവരും നേരിടുന്ന വിമർശനങ്ങൾക്ക് പരിധിയില്ല.
ആലുവ സ്വദേശിയായ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡിജിറ്റൽ തെളിവുകളും സാഹചര്യ തെളിവുകളും നിരത്തി പ്രത്യേക അന്വേഷണ സംഘം എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ് മുകേഷിനെ ഏറ്റവുമൊടുവിൽ എയറിലാക്കിയത്. പതിവുപോലെ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന മുറവിളിയാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഉയർത്തിയിരിക്കുന്നത്. ഇതുപോലെ പീഡന കേസൊന്നും അല്ലെങ്കിലും സുരേഷ് ഗോപിയെ പിന്നെയും എയറിലാക്കിയത് അദ്ദേഹം നടത്തിയ വിവാദ പ്രസംഗമാണ്. ആദിവാസി ക്ഷേമ വകുപ്പിൽ 'ഉന്നതകുലജാതൻ' മന്ത്രിയാകണമെന്ന പരാമർശമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ഡൽഹിയിലെ മയൂർ വിഹാറിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളി വോട്ടർമാരെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു വിവാദ പരാമർശം. ഇതിനെതിരെ രാജ്യമാകെ വിമർശനം കടുത്തപ്പോൾ വൈകിട്ടോടെ സുരേഷ്ഗോപി അത് പിൻവലിക്കുന്നുവെന്ന് പറഞ്ഞുവെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല. കേന്ദ്രമന്ത്രിയിൽ നിന്ന് ഇത്തരമൊരു പരാമർശം ശരിയല്ലെന്നും നടപടി വേണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ സി.പി.ഐ അംഗം സന്തോഷ് കുമാർ നോട്ടീസ് നൽകിയതും പാർലമെന്റിലും സുരേഷ്ഗോപിയെ പ്രതിരോധത്തിലാക്കി.
വാർത്താതാരം,
പിന്നാലെ നാക്കുപിഴ
സുരേഷ്ഗോപിയെ പോയവർഷത്തെ വാർത്താതാരമായി ഒരു സ്വകാര്യചാനൽ തിരഞ്ഞെടുത്തതിന്റെ ചൂടാറും മുമ്പെ തന്നെ വാർത്താമാദ്ധ്യമങ്ങൾ അദ്ദേഹത്തിനെതിരെ വിമർശന ശരങ്ങളുമായെത്തി. നാക്കുപിഴയുടെ പേരിൽ സുരേഷ്ഗോപി വിമർശന ശരങ്ങളേൽക്കുന്നത് ഇതാദ്യമല്ല. മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അയ്യനെ അടുത്തുനിന്ന് മതിവരുവോളം തൊഴാനാണ് അതെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഉള്ളിലെ സവർണമേധാവിത്വം പുറത്തുചാടിയെന്ന് പറഞ്ഞായിരുന്നു വിമർശനം. ഇപ്പോൾ 'ഉന്നതകുലജാത'നെന്ന പ്രയോഗവും അദ്ദേഹത്തെ വെട്ടിലാക്കി. ചെവിയിൽ പൂടയുള്ള നായർ, ഒറ്റത്തന്തയ്ക്ക് പിറന്നവൻ, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട ആരോപണത്തിൽ ആംബുലൻസിൽ എത്തിയെന്ന് ആദ്യം പറഞ്ഞ അദ്ദേഹം പിന്നീട് മായക്കാഴ്ചയെന്ന് പറഞ്ഞതും അദ്ദേഹത്തിൽ നിന്നുണ്ടായ അപക്വമായ പ്രതികരണങ്ങളായിരുന്നു. വികടസരസ്വതി നാവിൽ വിളയാടുന്നതാണ് സുരേഷ്ഗോപിയെ പലപ്പോഴും വിവാദക്കുഴിയിൽ ചാടിക്കുന്നത്. എം.പി എന്ന നിലയിലും അതിനു മുമ്പും സിനിമനടനെന്ന നിലയിലും ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിലുമെല്ലാം സമൂഹത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്ത ആളാണ് സുരേഷ്ഗോപി എന്നതിൽ തർക്കമില്ല. ആദിവാസികൾക്കും പട്ടികജാതിക്കാർക്കും ഗോത്രവർഗക്കാർക്കുമൊക്കെ വേണ്ടി അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ നാവിൽനിന്ന് വരുന്ന വാക്കുകളാണ് പലപ്പോഴും അദ്ദേഹത്തിന് വിനയായി മാറുന്നത്. നല്ല ഉദ്ദേശ്യശുദ്ധിയോടെ പറയുന്ന കാര്യങ്ങൾ പോലും വിപരീതഫലം ഉളവാക്കുമ്പോൾ അത് വിമർശന വിധേയമാകുന്നത് സ്വാഭാവികം. ആദിവാസി ക്ഷേമ വകുപ്പിന്റെ മന്ത്രിയായി ഒരു ഉന്നതകുലജാതൻ വരണമെന്ന് പറഞ്ഞതാണ് അദ്ദേഹത്തിന് വിനയായത്. ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരാളെ മുന്നാക്ക വിഭാഗ ക്ഷേമത്തിനായുള്ള മന്ത്രിയാക്കണമെന്നും പറഞ്ഞെങ്കിലും ആദ്യഭാഗം തിരിച്ചടിച്ചതോടെയാണ് അത് പിൻവലിക്കുന്നതായി അദ്ദേഹത്തിന് പറയേണ്ടി വന്നത്. സുരേഷ്ഗോപി പറഞ്ഞതിൽ കാതലായ ഒരു പ്രശ്നം ഒളിഞ്ഞിരിപ്പുണ്ടെങ്കിലും വിവാദത്തിൽപ്പെട്ടതോടെ അത് അപ്രസക്തമായി. പട്ടികജാതി, പട്ടികവർഗ, ആദിവാസി ക്ഷേമ വകുപ്പുകളുടെ മന്ത്രിയെ നിശ്ചയിക്കുമ്പോൾ അതേ വിഭാഗത്തിൽപ്പെടുന്നവർക്ക് സംവരണം ചെയ്യുന്നതിനെതിരായാണ് സുരേഷ്ഗോപി സംസാരിച്ചത്. ഒരു മുന്നാക്കക്കാരനെ ഈ വകുപ്പുകൾ ഏൽപ്പിച്ചാൽ കൂടുതൽ കാര്യക്ഷമമായി ആ വകുപ്പുകൾ കൈകാര്യം ചെയ്യില്ലേ? അതുപോലെ മുന്നാക്ക വകുപ്പുകളുടെ മന്ത്രിയായി ഒരു പട്ടികജാതിക്കാരനെ നിയമിച്ചാൽ എന്താണ് കുഴപ്പമെന്നും സുരേഷ്ഗോപി ചോദിച്ചു. പിണറായി സർക്കാരിൽ പട്ടികജാതി- പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നത് മികച്ച നേതാവായ കെ. രാധാകൃഷ്ണനാണ്. ദേവസ്വം വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിന് നൽകിയപ്പോൾ മുൻ എം.പി എ.സമ്പത്തിനെ അതിന്റെ മേൽനോട്ടക്കാരനാക്കി. കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പട്ടപ്പോൾ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ ഒ.ആർ കേളുവിന് നൽകിയെങ്കിലും ദേവസ്വം വകുപ്പ് നൽകിയത് വി.എൻ വാസവന്. സി.പി.ഐ യിൽ നിന്ന് നാല് മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ പട്ടികജാതിയിൽപ്പെട്ട ചിറ്റയം ഗോപകുമാറിന് നൽകിയത് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമാണ്. രണ്ടാം ഉമ്മൻചാണ്ടി സർക്കാർ ദളിത് വിഭാഗത്തിന് രണ്ട് മന്ത്രി സ്ഥാനങ്ങൾ നൽകിയിരുന്നു. അതിൽ എ.പി അനിൽകുമാറിന് നൽകിയത് മുന്തിയ വകുപ്പായ ടൂറിസമാണ്. കാതലായ ഈ വിഷയം ചർച്ചയാക്കാനാണ് സുരേഷ്ഗോപി ശ്രമിച്ചതെങ്കിലും വികടസരസ്വതിയുടെ രൂപത്തിൽ 'ഉന്നതകുലജാതൻ' എന്ന പ്രയോഗം കയറിവന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.
കുറ്റപത്രം
മുകേഷിന് ഇരുട്ടടി
പീഡനപരാതിയിൽ മുകേഷിനെതിരായ ആരോപണങ്ങൾ വ്യക്തമായി തെളിഞ്ഞതായി കുറ്റപത്രത്തിലെ കണ്ടെത്തൽ അദ്ദേഹത്തിന് രാഷ്ട്രീയമായി വൻ തിരിച്ചടിയായിരിക്കുകയാണ്. പരാതിക്ക് ആധാരമായ ഇ മെയിൽ സന്ദേശങ്ങൾ, വാട്സ് ആപ്പ് ചാറ്റുകൾ, പരാതിക്കാരിയുമായി മുകേഷ് ഒരുമിച്ച് യാത്രചെയ്ത സാഹചര്യ തെളിവുകൾ എന്നിവ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരെയും ഒന്നിച്ച് കണ്ട സാക്ഷിമൊഴികളുമുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും 'അമ്മ'യിൽ അംഗത്വം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചതായി കഴിഞ്ഞ ആഗസ്റ്റിലാണ് മുകേഷിനെതിരെ നടി പരാതി നൽകിയത്. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുകേഷിനെ അന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടപ്പോഴും രാജി ആവശ്യം ഉയർന്നിരുന്നു. ഇടയ്ക്ക് നടി പരാതി പിൻവലിക്കാൻ തയാറായത് മുകേഷിന് പ്രതീക്ഷ പകർന്നെങ്കിലും അന്വേഷണസംഘം കൂടുതൽ പിന്തുണ നൽകിയതോടെ നടി തീരുമാനം മാറ്റി. എറണാകുളത്തും തൃശൂരിലും വച്ച് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറഞ്ഞതിനാൽ രണ്ടിലും കേസെടുത്ത പൊലീസ് രണ്ടിലും കുറ്റപത്രം നൽകി. ഇനി കോടതിയിലാണ് മുകേഷ് തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത്.
പ്രതിഷേധം ശക്തം,
പാർട്ടിയുണ്ട് ഒപ്പം
മുകേഷിനെതിരെ കൊല്ലത്ത് പ്രതിഷേധം ശക്തമാകുകയും രാജി ആവശ്യം ഉയരുകയും ചെയ്തതോടെ സംരക്ഷണ കവചമൊരുക്കി സി.പി.എം രംഗത്തെത്തി. സ്ത്രീസുരക്ഷയും സംരക്ഷണവും തങ്ങളുടെ മുഖമുദ്രയാണെന്ന് വീമ്പ് പറയുന്ന സി.പി.എമ്മിന്റെ സ്ത്രീപക്ഷ നിലപാടിലെ കാപട്യം തുറന്നുകാട്ടിയാണ് കോൺഗ്രസും യു.ഡി.എഫും രംഗത്തെത്തിയത്. കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനം എടുക്കട്ടെയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചത്. മുകേഷ് അതുവരെ എം.എൽ.എ ആയി തുടരുമെന്നും അതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ മുതിർന്ന വനിതാ നേതാവ് പി.കെ ശ്രീമതിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ നിയമപരമായി രാജി വയ്ക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവിയുടെ പ്രതികരണം. ജനപ്രതിനിധി ആ സ്ഥാനത്തു നിന്ന് രാജി വയ്ക്കുന്നതിന് ചില പ്രത്യേക കാരണങ്ങളുണ്ട്. കേസ് വിചാരണ നടന്ന് കോടതി തീരുമാനം വരേണ്ടതുണ്ടെന്നും കോടതി രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കുന്നെങ്കിലാണ് രാജിവയ്ക്കേണ്ടി വരുന്നതെന്നും ധാർമ്മികതയുടെ പേരിൽ രാജിവയ്ക്കണോ എന്ന് മുകേഷ് തീരുമാനിക്കട്ടെ എന്നും സതീദേവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |