അറിവിന്റെ പരമപദം പൂകിയവർ അസംഖ്യമുണ്ട്, ഈ നാട്ടിൽ. അത് ഇന്നിന്റെ മാത്രം സ്ഥിതിവിവരമല്ല. ഇന്നലെകളിലും ഇങ്ങനെതന്നെയായിരുന്നു. ഇനിയുള്ള കാലത്തും ഒരു ശോഷണവും വരുന്നതല്ല വിവേകികളുടെ വംശത്തിന് ഭാരതത്തിൽ. ജ്ഞാനത്തിൽനിന്നുദിച്ച ഒരുരാഷ്ട്രത്തിന് മറ്റൊരു വിധമാവുക അസാദ്ധ്യംതന്നെ.
നമ്മുടെ ഏതു പ്രദേശത്തിനും അവകാശപ്പെടാനുണ്ട്, ഈ ജ്ഞാനപ്രഭാവം. അത് ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം സംഭാവനയല്ല. ജാതി, കുലം, ലിംഗം, പദവി തുടങ്ങിയ പരിമിതികളൊന്നും ബാധിക്കാത്തവരാണ് ജ്ഞാനികൾ. പതിനേഴാം നൂറ്റാണ്ടിൽ തമിഴിലുണ്ടായ 'ഒഴിവിലൊടുക്കം" എന്ന സിദ്ധാന്ത വേദാന്ത ഗ്രന്ഥത്തിൽ കണ്ണുടയവള്ളലാർ എന്ന സിദ്ധൻ അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇതാണ്: 'തത്ത്വമുണർന്ന് ബ്രഹ്മാവസ്ഥയിൽ നില്ക്കുന്ന പരമജ്ഞാനികളാണ് യഥാർത്ഥ ഗുരുക്കന്മാർ. അവർക്ക് തന്റെ നാമത്തിലോ ജാതിയിലോ തൊഴിലിലോ ഓർമ്മപോലും ഉണ്ടായിരിക്കുകയില്ല. എന്നു മാത്രമല്ല, അവയിലെല്ലാമുള്ള വാസന നശിച്ച് അവയോടൊക്കെയും ശാന്തമായ നിസംഗത പുലർത്താൻ സാധിക്കുന്ന പ്രസ്തുത യതീശ്വരന്മാർക്ക് പ്രത്യേകമായ മതമോ മതചിന്തയോ ഉണ്ടായിരിക്കുകയുമില്ല. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അനുഭവിക്കുന്ന സുഖം മുഴുവൻ അനുഭവിക്കാൻ കഴിയുന്ന ഈ ജ്ഞാനികൾക്കു സമം ആ മഹാജ്ഞാനികൾ തന്നെയാണ്." ഇപ്രകാരം നമുക്കിടയിലുണ്ടായിരുന്ന മഹാജ്ഞാനിയാണ് പ്രൊഫ. ജി ബാലകൃഷ്ണൻനായർ.
'ഭഗവാൻ ഭാഷ്യകാരൻ" എന്ന് വിവേകികൾ കീർത്തിക്കുന്ന ആദിശങ്കരൻ പിറവിയെടുത്ത പവിത്രഭൂമിയാണ് കേരളം. ശങ്കരാചാര്യരുടെ അതുല്യ സേവനങ്ങളെയും മഹാസംഭാവനകളെയുംപറ്റി ജ്ഞാനികൾക്ക് ഒരു സംശയവുമില്ല. സദാശിവനിൽ സമാരംഭിച്ച മഹിതദർശനത്തെ യഥായോഗ്യം വിശദമാക്കി ഭാരതത്തിന്റെ സ്വത്വവും സ്വാഭിമാനവും വീണ്ടെടുത്തത് ആദിശങ്കരനാണ്. അതേ ശങ്കരന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ ജന്മദേശത്ത് ഭാഷ്യരചനയും പ്രഭാഷണങ്ങളുമായി ലോകസേവനം ചെയ്യുക എന്നതായിരുന്നു ജി. ബാലകൃഷ്ണൻനായരുടെ നിയോഗം.
തന്റേതുൾപ്പെടെയുള്ള നൂറുകണക്കിന് പ്രാദേശിക ഭാഷകളെ മാറ്റിവച്ചിട്ടാണ് ജഗദ്ഗുരു രചന നിർവഹിക്കാൻ ഭാരതത്തിന്റെ പൊതുഭാഷയായ സംസ്‌കൃതം സ്വീകരിച്ചത്. അത് ആ കൃതികൾക്ക് അമരത്വത്തോടൊപ്പം സാർവകാലികവും സാർവദേശീയവുമായ അംഗീകാരം കൈവരിക്കാൻ സഹായകമാവുകയും ചെയ്തു. തുടർന്നിങ്ങോട്ട് ഏതെല്ലാമോ ദേശങ്ങളിലും ഭാഷകളിലുമായി എത്രയെത്ര മനീഷികൾ ആ ചൈതന്യത്തെയും ശോഭയെയും ജനമനസുകളിലേക്ക് പകർന്നുനൽകാതിരുന്നില്ല! ഭാരതമെമ്പാടുമുള്ള വിവിധസമൂഹങ്ങളിൽ അങ്ങനെ ശ്രീശങ്കര രചനകൾ വിന്യസിക്കപ്പെട്ടു. എന്നു മാത്രമല്ല, ആ പ്രവൃത്തികളിൽ ഏർപ്പെട്ടവരൊക്കെയും ശങ്കരവൈഭവത്തിലേക്കുയർന്ന് ഭാരതഗുരുപരമ്പരയ്ക്ക് മകുടമാവുകയും ചെയ്തു.
1977-ലാണ് 'ശിവാരവിന്ദം" എന്ന പേരിൽ പ്രൊഫ. ജി ബാലകൃഷ്ണൻനായർ ശ്രീമദ് ഭഗവദ്ഗീതയ്ക്ക് തയ്യാറാക്കിയ മഹാഭാഷ്യം പുറത്തുവന്നത്. അപ്പോൾ അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അദ്ധ്യാപകവൃത്തി അനുഷ്ഠിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ കാളരാത്രിയായിരുന്ന കാലം. അശാന്തിയും സംഘർഷങ്ങളുമായിരുന്നു ചുറ്റിലും. എന്നാൽ ഭാഷ്യരചനയിലേർപ്പെട്ട ബാലകൃഷ്ണൻനായർ സാറിനെ ഇതൊന്നും ഏശിയില്ല. കറവക്കാരനായ ഗോപാലനന്ദനന്റെ കർമ്മയോഗം ആധുനികലോകത്തിൽ പ്രകടിതമാവുകയായിരുന്നു. കർമ്മത്തിൽ അകർമ്മത്തെയും അകർമ്മത്തിൽ കർമ്മത്തെയും സ്വയം ദർശിക്കുകയും ദർശിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പൂർണാവതാരത്തിന്റെ സനാതന നിവൃത്തിമാർഗം. ബാലകൃഷ്ണൻനായർ സാർ ഇതിനെ 'ഉള്ളിൽ അദ്വൈതബ്രഹ്മം, പുറമെ വിട്ടുവീഴ്ചയില്ലാത്ത കർമാഭിനയം" എന്നു കാട്ടിത്തന്നു.
അരനൂറ്റാണ്ടു കാലം കേരളത്തിൽ എവിടെയെങ്കിലും ബാലകൃഷ്ണൻനായർ സാറിന്റെ പ്രഭാഷണം മിക്കവാറും എന്നും ഉണ്ടായിട്ടുണ്ട്. പലതും ഗീതയെ ആസ്പദമാക്കിയായിരുന്നു. അവയിൽ അധികം സംഭവിച്ചത് തിരുവനന്തപുരത്താണ് എന്നു മാത്രം. ജിജ്ഞാസുക്കളെക്കൊണ്ടു നിബിഡമായിരുന്നു ആ സദസുകളെല്ലാം. എവിടെനിന്നൊക്കെയോ വന്നുചേർന്നവരായിരുന്നു അവിടങ്ങളിൽ ഒത്തുകൂടിയവർ. ഗീതാമൃതം നുകരുവാൻ അർഹതയുള്ള ഇക്കൂട്ടരെ ഭഗവദ്ഗീതാ സുധികൾ എന്നാണല്ലോ വിളിക്കുന്നത്. സുധി എന്നാൽ നല്ല ബുദ്ധിയുള്ള ആൾ.
ലോകത്തിൽ ഏറ്റവുമധികം മാനിക്കപ്പെടുന്ന, പ്രതിപാദിക്കപ്പെടുന്ന, വിചിന്തനം ചെയ്യപ്പെടുന്ന, അനുസന്ധാനം ചെയ്യപ്പെടുന്ന അതിവിശിഷ്ട ഗ്രന്ഥമാണ് ഭഗവദ്ഗീത. അത് ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഭാഷയിൽ ഇത്രയേറെ വിവർത്തനങ്ങളോ വ്യാഖ്യാനങ്ങളോ ഉണ്ടായ മറ്റൊരു ഗ്രന്ഥമുണ്ടോ എന്നു സംശയമാണ്. അത്രയധികം നൂതനങ്ങളായ അർത്ഥപ്രദാനശേഷി അതിനുള്ളതുതന്നെ കാരണം. ഭഗവദ്ഗീതയ്ക്ക് ജഗദ്ഗുരു ശങ്കരാചാര്യർ മുതൽ ഒട്ടേറെ ആചാര്യന്മാർ തയ്യാറാക്കിയ വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും മലയാളത്തിൽ ലഭ്യമാണ്. എങ്കിലും, ഭഗവദ്ഗീതയെ അധികരിച്ച് ബാലകൃഷ്ണൻനായർ സാർ പറയുമ്പോൾ, അത് മറ്റൊരു അനുഭവമായിത്തീരുകയായിരുന്നു. ശുദ്ധവേദാന്തത്തിന്റെ തേൻകണികകൾ ഇറ്റുവീഴുംപോലുള്ള അനുഭവം.
ഗീത, ജഗത്തിന്റെ സത്യസ്ഥിതി സൂക്ഷ്മമായി വെളിപ്പെടുത്തിത്തരുന്ന ശാസ്ത്രമാണെന്നു മനസിലാക്കാൻ ആ പ്രഭാഷണങ്ങൾ ശ്രവിച്ചവർക്കു സാധിച്ചു. സംന്യാസിമാർ, പണ്ഡിതർ, അദ്ധ്യാപകർ, ബിസിനസുകാർ, കുടുംബിനികൾ, ഗൃഹസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി നാനാമേഖലകളിൽ നിന്നുള്ളവരായിരുന്നു ആ കേൾവിക്കാർ. അവരൊക്കെയും താന്താങ്ങളുടെ ലോകത്തേക്കു മടങ്ങിപ്പോയി. പക്ഷേ, വന്ന മട്ടിലായിരുന്നില്ല ആരുടെയും മടക്കം. അവർ തിരിച്ചുചെന്ന് വെറുതെയിരുന്നുമില്ല. തങ്ങളുടെ കർമ്മരംഗത്ത് കൂടുതൽ ഊർജ്ജസ്വലതയോടെ മുഴുകാൻ അവർ പ്രാപ്തരായി. അനശ്വരമായ ദർശനത്തിന്റെ ചൈതന്യത്താൽ ദീപ്തമായിത്തീർന്നു അവരുടെ ഉൾത്തടം.
ഇതിന്റെ ഫലമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ എത്രയോ ആദ്ധ്യാത്മിക സദസുകൾ രൂപമെടുത്തു. എല്ലാറ്റിനും പ്രേരകമായി സാർ പകർന്നുകൊടുത്ത ഒരു സന്ദേശമുണ്ട്. അതിതാണ്: 'ആർ ശ്രദ്ധിക്കുന്നു എന്നു നോക്കാതെ, സത്യം ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കണം." ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിൽ സാർത്ഥകവും നൈരന്തര്യമുള്ളതുമായ ഒരാദ്ധ്യാത്മിക മണ്ഡലം കേരളത്തിൽ വികസിതമാകാൻ ബാലകൃഷ്ണൻനായർ സാറിന്റെ ഈ ഉദ്‌ബോധനം നിമിത്തമായി.
വേദാന്തദർശനം (മൂന്നു ഭാഗം), ഭാഷ്യപ്രദീപം, വാസിഷ്ഠസുധ, ശ്രീനാരായണ ഗുരുദേവ കൃതികൾ- സമ്പൂർണവ്യാഖ്യാനം (രണ്ടു ഭാഗം), ഭാഗവതഹൃദയം, രണ്ടു വിദ്യാരണ്യ കൃതികൾ, രണ്ടു മലയാള മാമറകൾ എന്നിവയാണ് ജി. ബാലകൃഷ്ണൻനായർ ചമച്ച മറ്റു പ്രധാനഭാഷ്യങ്ങൾ. പരമസത്യത്തെ സൂര്യതുല്യം കാട്ടിത്തരുന്നവതന്നെ ഇവയെല്ലാം. നിത്യനിരന്തരമായ അഭ്യാസ മനനങ്ങളുടെയും ധ്യാന സമാധിയുടെയും ആത്യന്തിക ഫലമായ അദ്വൈതാനുഭവത്തിന്റെ ഉപലബ്ദ്ധികളാണ് അദ്ദേഹത്തിന്റെ ഒരോ കൃതിയും. ഇവയെ അധികരിച്ചു നടത്തിയ പ്രഭാഷണ പരമ്പരകളും വ്യത്യസ്തമല്ല.
ബാലകൃഷ്ണൻനായർ സാറിനെ നേരിട്ടു കാണുകയോ ആ പ്രഭാഷണങ്ങൾ കേൾക്കുകയോ ചെയ്തവർ ധാരാളമുണ്ട്. അദ്ദേഹത്തിന്റെ രചനകളിലൂടെ മാത്രം വേദാന്തരഹസ്യം മനസിലാക്കിയവരും കുറവല്ല. ഇപ്പോൾ അദ്ദേഹത്തിന്റെ വീഡിയോകളിലൂടെയും അതേ ധന്യത നേടാനും സാദ്ധ്യമാണ്. ശരീരം ഉപേക്ഷിച്ചുകഴിഞ്ഞാലും ജ്ഞാനിയുടെ കർമ്മഫലം നിലനിൽക്കുമെന്ന് ഇതെല്ലാം ബോദ്ധ്യപ്പെടുത്തുന്നു. ഇതത്രേ യോഗിചര്യ.
(ലേഖകന്റെ ഫോൺ: 94474 53145)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |