മുതലമട: ഗ്രാമപഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ നിയമം കാറ്റിൽ പറത്തി അധനികൃത മണ്ണ് ഖനനവും വിൽപ്പനയും തകൃതി. കഴിഞ്ഞ ദിവസം ഗോവിന്ദാപുരം നീളിപ്പാറയിൽ രേഖകളില്ലാതെ അനധികൃതമായി മണ്ണെടുക്കാൻ ഉപയോഗിച്ച നാല് ടിപ്പറും ഒരു ജെ.സി.ബിയും കൊല്ലങ്കോട് പൊലീസ് പിടികൂടി. രാത്രി അനധികൃത മണ്ണ് ഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ പിടികൂടിയത്. കൂടാതെ അധികഭാരം കയറ്റി വന്ന മൂന്ന് ടിപ്പറുകൾ പിടികൂടി 1.17 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്. എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ സി.കെ.രാജേഷ്, എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ ബിനു ഷാദുലി, സിവിൽ പൊലീസ് ഓഫീസർമാരായ സുധീഷ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ടിപ്പറുകൾ പിടികൂടിയത്. ഒരാഴ്ച്ച മുമ്പ് സമാന രീതിയിൽ അഞ്ച് ടിപ്പറും ഒരു ജെ.സി.ബിയും അനധികൃത മണ്ണ് കടത്തിന് പിടികൂടിയിരുന്നു. നീളിപ്പാറയിൽ ടണ്ണ് കണക്കിന് മണ്ണ് അനധികൃതമായി ഖനനം ചെയ്ത് വിൽപ്പന നടത്തുന്നത് കേരള കൗമുദി വാർത്തയാക്കിയിരുന്നു. ഓരോ തവണയും പിടികൂടുന്ന വാഹനങ്ങൾ നിസാര തുക പിഴയായി അടച്ച് തിരിച്ചെടുക്കും. അനധികൃത ഖനനം തുടരാൻ ഇതാണ് കാരണമെന്നും ജിയോളജി ഉൾപ്പെടെയുള്ള വകുപ്പുകൾ കർശന നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമാവുകയുള്ളൂ എന്നും പ്രദേശവാസികൾ പറയുന്നു.
പെരുമാട്ടി, എരുത്തേമ്പതി,വടവന്നൂർ കൊല്ലങ്കോട്, പട്ടഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലേക്ക് പ്രധാനമായും മണ്ണ് കടത്തുന്നത്. ലൈഫ് മിഷൻ പദ്ധതി പോലുള്ള ഭവന നിർമ്മാണത്തിന്റെ തറയും കൃഷി ഇടങ്ങളും നികത്താനാണ് ഇവ ഉപയോഗിക്കുന്നത്. ലോഡ് ഒന്നിന് 4000 രൂപ മുതൽ വാങ്ങുന്നുണ്ട്. ഇതിനായി പ്രവർത്തിക്കുന്ന ഇടനിലക്കാരും സജീവമാണ്. അനധികൃത മണ്ണ് ഖനനം നിയന്ത്രിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ബഹുജന സമരത്തിന് നേതൃത്വം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |