ഏനാത്ത് : സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് കേന്ദ്രീകരിച്ച് ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 7.27 കോടി ചെലവിട്ട് നിർമ്മിക്കുന്ന ലൈഫ് ഫ്‌ളാറ്റ് നിർമ്മാണം നിലച്ചിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. ഭൂരഹിതരായ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഏനാത്ത് 92സെന്റ് വസ്തുവിൽ നിർമ്മാണം നടന്നിരുന്നത് . 2020 സെപ്റ്റംബർ 24 നാണ് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഈ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തിയത്. ആറു മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ആദ്യം നിർമ്മാണം ആരംഭിച്ചത്. നിലവിൽ ഒരു കെട്ടിടത്തിന്റെ പകുതി പണികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. രണ്ടാമത്തെ കെട്ടിടത്തിന്റെ അടിത്തറ മാത്രം കെട്ടിയിട്ടുണ്ട്. ഈ അടിത്തറയാകെ ഇപ്പോൾ കാടുകയറിയ നിലയിലാണ്. നിർമ്മാണ കരാർ ഏറ്റെടുത്തത് അഹമ്മദാബാദിൽ നിന്നുള്ള കമ്പനിയായിരുന്നു. ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫ്‌ളാറ്റ് നിർമ്മാണമാണ് ഉദ്ദേശിച്ചിരുന്നത്.
59 കുടുംബങ്ങൾ ആശങ്കയിൽ
ഫ്‌ളാറ്റ് സമുച്ചയം നിർമ്മാണം സ്തംഭിച്ചതോടെ ഭൂരഹിതരായ 59 കുടുംബങ്ങൾ ആശങ്കയിലാണ് . സംസ്ഥാന തലത്തിൽ ആദ്യ ഉദ്ഘാടനം നടന്ന പുനലൂരിലെ ഫ്‌ളാറ്റ് സമുച്ചയം ആറ് വർഷം പിന്നിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറുകയാണ്. നിർമ്മാണ സാമഗ്രികൾ പലയിടത്തായി ഉപയോഗശൂന്യമായി കിടക്കുകയാണ് .പൈപ്പും മറ്റു നിർമ്മാണ സാമഗ്രികളും മോഷണം പോകാനുള്ള സാദ്ധ്യതയും വർദ്ധിക്കുകയാണ് . കൊവിഡ് കാലത്തിനു ശേഷം നിർമ്മാണ സാമഗ്രികൾക്ക് വില കൂടിയതിനാൽ കരാർ പുതുക്കി നിശ്ചയിക്കണമെന്നു കരാർ കമ്പനി മുൻപ് ആവശ്യപ്പെട്ടതായാണ് വിവരം. ലൈഫ് മിഷന്റെ അലംഭാവമാണ് പദ്ധതി വൈകുന്നതിന് കാരണമെന്നാരോപിച്ച് സി.പി.എം പോഷക സംഘടനയായ കർഷകസംഘം മുൻപ് രംഗത്ത് വന്നിരുന്നു.
................................
92 സെന്റ് വസ്തുവിൽ നിർമ്മാണം
നിർമ്മാണോദ്ഘാടനം നടത്തിയത് 2020 സെപ്റ്റംബർ 24ന്
7.27 കോടിയുടെ പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |