കൊച്ചി: രണ്ട് വർഷം മുമ്പ് പണി പൂർത്തിയാക്കിയെങ്കിലും ലിഫ്റ്റും റാമ്പും ഇല്ലാത്തതിന്റെ പേരിൽ പൂട്ടിയിട്ടിരിക്കുന്ന പൂത്തോട്ട പുത്തൻകാവിലെ സർക്കാർ ആശുപത്രിക്കെട്ടിടം രണ്ടു സംവിധാനങ്ങളും ഒരുക്കി നാലു മാസത്തിനകം തുറന്നുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. ജില്ലാ കളക്ടർക്കാണ് സമയബന്ധിതമായി കെട്ടിടം പ്രവർത്തനക്ഷമമാക്കേണ്ട ചുമതല . ഉത്തരവ് പാലിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ കളക്ടർക്ക് പിന്തുണ നൽകണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംധറും ജസ്റ്റിസ് എസ്.മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ലിഫ്റ്റും റാമ്പും ഇല്ലാത്തതുകൊണ്ടു മാത്രമാണ് പുതിയ കെട്ടിടം രണ്ടുവർഷം അടച്ചിട്ട് പാവപ്പെട്ടവർക്ക് കിടത്തിചികിത്സ നിഷേധിച്ചത്. മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്തിന്റെ ചുമതലയായിരുന്നു ഇവയുടെ നിർമ്മാണം.
1945ൽ ഡിസ്പെൻസറിയായി സർക്കാർ സ്ഥാപിച്ചതാണ് ആശുപത്രി. പിന്നീട് 44 കിടക്കകളും 31 സ്റ്റാഫും 5 ഡോക്ടർമാരും സ്റ്റാഫ് ക്വാർട്ടേഴ്സും ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കി. 2015ൽ ഡിസ്പെൻസറിയെ സാമൂഹ്യ ആരോഗ്യകേന്ദ്രമാക്കി. പഴയ കെട്ടിടം ദുർബലാവസ്ഥയിലായപ്പോൾ 2020 മാർച്ചിൽ പത്തിന് കിടത്തി ചികിത്സ നിറുത്തി. അതേ മാസം തന്നെ ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും ചെയ്തു.
പൂത്തോട്ട സ്വദേശികളായ എം.പി.ജയപ്രകാശ്, കെ.ടി.വിമലൻ, എം.പി.ഷൈമോൻ എന്നിവരായിരുന്നു ഹർജിക്കാർ. അഡ്വ.പി.ജി.ജയശങ്കർ ഇവർക്ക് വേണ്ടി ഹാജരായി.
കോടതിയുടെ നിരീക്ഷണം
• ലിഫ്റ്റും റാമ്പും ഇല്ലാത്തതിന്റെ പേരിൽ പുതിയ കെട്ടിടം നിർമ്മിച്ചിട്ടും കിടത്തി ചികിത്സ നിഷേധിക്കുന്നത് അന്യായം.
• പ്രദേശവാസികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയമാകയാൽ അലംഭാവം അരുത്. അതുകൊണ്ടാണ് സമയപരിധി നിശ്ചയിക്കുന്നത്.
• നാലുമാസത്തിനകം കിടത്തിചികിത്സ ഉറപ്പാക്കാൻ ഏത് സർക്കാർ ഏജൻസിക്കും കളക്ടർക്ക് നിർദേശം നൽകാം,
ദിനവും 300 രോഗികൾ
പാവപ്പെട്ട 300 ഓളം രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്നതാണ് ഈ ആശുപത്രി. കിടത്തി ചികിത്സ വേണമെങ്കിൽ തൃപ്പൂണിത്തുറയിലോ വൈക്കത്തോ പോകണം. അഞ്ച് ഡോക്ടർമാരും 31 സ്റ്റാഫും ഉണ്ടെങ്കിലും കൂടുതൽ പേർക്കും വർക്കിംഗ് അറേഞ്ച്മെന്റിൽ സമീപത്തെ മറ്റ് ആശുപത്രികളിലാണ് ഡ്യൂട്ടി.
ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുടെ അലംഭാവത്തിന് ഉദാഹരണമാണ് പൂത്തോട്ട ഗവ. ആശുപത്രി. രണ്ട് വർഷമായി പഞ്ചായത്ത് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ സമരം നടത്തി. കേസിൽ പ്രതികളായി. ഇനിയെങ്കിലും കിടത്തിചികിത്സ ആരംഭിച്ചാൽ പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരമാകും.
എം.പി.ജയപ്രകാശ്
ചെയർമാൻ,
പൂത്തോട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
വികസന സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |