ചേർത്തല : ജൈവകൃഷിയിൽ നൂറുമേനി വിളവുമായി മുന്നേറി പൊലീസുദ്യോഗസ്ഥരായ സഹോദരങ്ങൾ ശ്രദ്ധേയരാകുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ചേർത്തല തെക്ക് പഞ്ചായത്ത് 12ാം വാർഡ് പതിച്ചേരിയിൽ വിനോദ് കുമാറും സഹോദരൻ വിനീഷുമാണ് ജോലിത്തിരക്കിനിടയിലും കൃഷിക്കായി സമയം നീക്കിവയ്ക്കുന്നത്.
വിനോദ് മാരാരിക്കുളം പൊലീസ് സ്റ്റേഷനിലും വിനീഷ് ചേർത്തല സ്റ്റേഷനിലുമാണ് ജോലി ചെയ്യുന്നത്. കയർഫാക്ടറി തൊഴിലാളിയും മികച്ച കർഷകനുമായിരുന്ന പിതാവ് പരേതനായ ദാമോദരൻ ചെയ്തുവന്ന കൃഷി മക്കളായ ഇരുവരും പിന്തുടരുകയായിരുന്നു. അഞ്ച് വർഷം മുമ്പ് ദാമോദരൻ മരിച്ചപ്പോഴാണ് മക്കൾ കൃഷി ഏറ്റെടുത്തത്.
ഒന്നര ഏക്കറോളം വരുന്ന നിലത്തിൽ 1000ത്തിലധികം ചുവട് ചീര വിളവെടുപ്പിനായി തയ്യാറാണ് ഇപ്പോൾ. തണ്ണിമത്തൻ,വെണ്ട,വെള്ളരി,പച്ചമുളക്,മത്തൻ,എളവൻ എന്നിവയും വീടിനോട് ചേർന്നുള്ള കരഭൂമിയിൽ 300 ഓളം വാഴയും,വഴുതനയും കൃഷി ചെയ്യുന്നുണ്ട്. ട്രിപ്പ് ഇറിഗേഷൻ ഉൾപ്പെടെയുള്ള ആധുനീക കൃഷിരീതിയാണ് പിന്തുടരുന്നത്. നനക്കുന്നതോടൊപ്പം ദ്രാവക രൂപത്തിൽ വളം എത്തിക്കുന്നതിനായി വെഞ്ച്വറി കൃഷി രീതിയും പ്രയോജനപ്പെടുത്തുന്നു.
ഇലയിൽ വളം സ്പ്രേ ചെയ്യുന്ന ഫോളിയാർ സമ്പ്രദായവും പിന്തുടരുന്നു. ചേർത്തല തെക്ക് കൃഷിഭവന്റെ പൂർണ സഹായത്തിലും സഹകരണത്തിലുമാണ് കൃഷി. കൃഷി ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ മുൻ ചേർത്തല തെക്ക് കൃഷി ഓഫീസർ റോസ്മി ജോർജ്ജിന്റെ സഹായവും ലഭിക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു. മാതാവ് ലീലയും വിനോദിന്റെ ഭാര്യ സൗമ്യയും വീനീഷിന്റെ ഭാര്യ നിമ്മിയും കുട്ടികളും സഹായത്തിനായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |