കൊച്ചി: ബ്രഹ്മപുരത്ത് പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടന്ന മാലിന്യങ്ങളിൽ 75 ശതമാനവും ബയോമൈനിംഗിലൂടെ നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യം നീക്കം ചെയ്ത പ്രദേശത്താണ് കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് നിർമ്മിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യമലകൾ ഓരോന്നായി ഇല്ലാതാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ മാലിന്യസംസ്കരണത്തിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. മാലിന്യം വലിച്ചെറിയുക, ബ്രഹ്മപുരത്ത് തള്ളുകയെന്ന മനോഭാവത്തിൽ നിന്ന് ശാസ്ത്രീയ മാലിന്യസംസ്കരണത്തിലേയ്ക്ക് കൊച്ചി മാറുകയാണ്. ഉറവിടങ്ങളിൽ നിന്നുള്ള ശേഖരം 93.62 ശതമാനത്തിലേക്ക് ഉയർന്നു. 2023 മാർച്ചിൽ രണ്ട് മെറ്റീരിയൽ കളക്ഷൻ സൗകര്യമുണ്ടായിരുന്നത് 2025 ൽ 60 എണ്ണമായി. 2,120 പരിശോധനകൾ നടത്തുകയും 1,39,62941 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ബ്രഹ്മപുരം പ്ളാന്റിന്റെ വിവിധ ഭാഗങ്ങൾ മന്ത്രി സന്ദർശിച്ചു. പി.വി ശ്രീനിജിൻ എം.എൽ.എ., മേയർ എം. അനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി ജോസ്, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.എസ് ഷിബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം തയ്യാറാക്കിയ 706.55 കോടിയുടെ മാലിന്യ സംസ്കരണ പദ്ധതിക്ക് കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകി.
ബയോമൈനിംഗിലൂടെ വീണ്ടെടുത്ത പ്രദേശത്ത് മാസ്റ്റർ പ്ലാൻ നടപ്പാക്കും. എല്ലാവിധ മാലിന്യങ്ങളും സംസ്കരിക്കാൻ സൗകര്യം മാസ്റ്റർ പ്ളാനിലുണ്ടാകും. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |