തിരുവനന്തപുരം: വയനാട് അമരക്കുനി ജനവാസമേഖലയെ വിറപ്പിച്ച എട്ടുവയസുള്ള പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. കുപ്പാടിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ആർ.ആർ.ടി സംഘത്തിന്റെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ 10ഓടെയാണ് കടുവയെ തിരുവനന്തപുരത്തെത്തിച്ചത്. ആനിമൽ ആംബുലൻസിൽ പ്രത്യേകമായി തയാറാക്കിയ കൂട്ടിലായിരുന്നു തലസ്ഥാനത്തേക്കുള്ള യാത്ര. കൈയ്ക്കും കാലിനും പരിക്കേറ്റ കടുവ കുപ്പാടിയിലെ കടുവ പരിപാലനകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. കുപ്പാടിയിൽ കടുവകളുടെ എണ്ണം കൂടുതലായിരുന്നതിനാൽ പ്രത്യേക ശ്രദ്ധ നൽകി വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്താനാണ് ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നത്.
അമരക്കുനിയിലെ ആടുകളെ കൊന്നൊടുക്കി പരിസരവാസികൾക്ക് ഭീതി പരത്തിയതോടെയാണ് കഴിഞ്ഞാഴ്ച കടുവയെ വനംവകുപ്പ് പിടികൂടിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള കവാടത്തിലൂടെ സർവീസ് ഗേറ്റ് വഴിയാണ് കടുവയെ മൃഗശാലയിൽ കൊണ്ടുവന്നത്.ഏകദേശം അരമണിക്കൂറെടുത്താണ് കടുവയെ വാഹനത്തിൽ നിന്ന് കൂട്ടിലാക്കിയത്. ഷീറ്റുകൊണ്ട് കാഴ്ച മറച്ചിരുന്നു. ഇതിനിടയിൽ ആളുകളുടെ ബഹളം കേട്ടതോടെ കടുവ ഗർജിച്ച് ചാടിയടുത്തു.
മൂന്നാഴ്ച ക്വാറന്റൈൻ
എക്സറേ ഉൾപ്പെടെയുള്ള പരിശോധനകൾക്കു ശേഷം ഇന്നുമുതൽ കടുവയുടെ ചികിത്സ ആരംഭിക്കും. മൂന്നാഴ്ച ക്വാറന്റൈനിലായിരിക്കും.പരിക്കുണ്ടെങ്കിൽ ഇത് നീളും. 24മണിക്കൂറും നിരീക്ഷണത്തിന് കൂട്ടിൽ സി.സി ടിവിയുണ്ട്. മറ്റു കടുവകൾക്കെന്നപോലെ ദിവസേന ഏഴ് കിലോ മാംസം നൽകും. ക്വാറന്റൈനിന് ശേഷം സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിക്കും. ഇതിനായി കേന്ദ്ര മൃഗശാലാ അതോറിട്ടിയുടെ അനുമതി നേടേണ്ടതുണ്ട്. കടുവയുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷമേ പ്രദർശിപ്പിക്കുകയുള്ളൂവെന്ന് മൃഗശാല ഡയറക്ടർ പി.എസ്.മഞ്ജുളാദേവീ പറഞ്ഞു.
ഉടനെത്തും
2023ൽ പുതുശേരിയിൽ കർഷകനെ കൊന്ന 12വയസുള്ള ആൺകടുവയെ ഈ മാസം മൃഗശാലയിലെത്തിക്കും.നിലവിൽ രണ്ട് വെള്ളക്കടുവയും മൂന്ന് ബംഗാൾ കടുവയുമാണ് മൃഗശാലയിലുള്ളത്. അതേസമയം,കടുവ കേരളത്തിന്റെയും കർണാടകത്തിന്റെയും ഡാറ്റാബേസിൽ ഉൾപ്പെടുന്നതല്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |