പടിഞ്ഞാറെ കല്ലട: കാരാളിമുക്ക് ജംഗ്ഷനിലെ എ. ഐ കാമറ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കാമറ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് നാട്ടുകാർ പരാതി നൽകി. ചവറ, ഭരണിക്കാവ് സംസ്ഥാന പാതയിൽ കാരാളിമുക്ക് ജംഗ്ഷനിൽ കടപുഴ ചവറ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അഭിമുഖമായാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ശാസ്താംകോട്ട ഭാഗത്തുനിന്ന് മദ്യപിച്ചും ഹെൽമെറ്റ് ഇല്ലാതെയും വരുന്ന വാഹനങ്ങൾ കാമറയിൽ പെടാതിരിക്കുവാൻ കാമറ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റിന് പിന്നിലൂടെയുള്ള കെ.ഐ.പി. വക കനാൽ റോഡിലൂടെ രക്ഷപ്പെടുകയാണ് പതിവ്. തീരെ വീതി കുറഞ്ഞചെമ്മണ്ണ് പാതയിലൂടെ അമിതവേഗത്തിലുള്ള ഇവരുടെ യാത്ര പരിസരവാസികളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കൂടാതെ റോഡിനോട് ചേർന്നുള്ള വീടുകളുടെ ജനലുകളും വാതിലുകളും പൊടി ശല്യം കാരണം തുറന്നിടാൻ പറ്റാത്ത അവസ്ഥയാണ് . കാരാളിമുക്കിലെ എ.ഐ കാമറ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു . തുടർന്ന് മിക്ക ദിവസങ്ങളിലും ശാസ്താംകോട്ട പൊലീസും മോട്ടോർ വാഹന വകുപ്പും ഇവിടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് പോകുന്നതോടെ വീണ്ടും പഴയ അവസ്ഥ. അതിനാൽ എത്രയും വേഗം കാമറ മാറ്റി സ്ഥാപിക്കുകയുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അമിതവേഗതയിൽ ഇടുങ്ങിയ റോഡിലൂടെ ചീറിപ്പായുന്ന വാഹന യാത്രക്കാർപ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയാണ്. ജംഗ്ഷനിൽ വാഹന പരിശോധന നടത്തുമ്പോൾ മാത്രമാണ് ആൾക്കാർക്ക് റോഡിലൂടെ ഭയമില്ലാതെ സഞ്ചരിക്കാൻ പറ്റുന്നത്. അമിത വേഗതയിൽചെമ്മണ്ണ് പാതയിലൂടെയുള്ള വാഹനയോട്ടം കാരണം റോഡിലെ പൊടി ശല്യം വർദ്ധിച്ചു. ആൾക്കാർക്ക് ശ്വാസകോശ സംബന്ധമായ രോഗം കൂടി വരികയാണ്.
എ.ഫൈസൽ ഖാൻ കൊയ്പ്പള്ളിൽ
പുത്തൻവീട്
കാരാളിമുക്ക് പ്രദേശവാസി
കാരാളിമുക്കിലെ കാമറ അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിച്ച് പരാതിക്ക് പരിഹാരം കണ്ടെത്തണം. ആർ.റെജീല
ഗ്രാമപഞ്ചായത്ത് അംഗം
കാരാളിമുക്ക് ടൗൺ വാർഡ്
കേരള കൗമുദി വാർത്തയെ തുടർന്ന് കാരാളിമുക്കിലെ കാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലം ഉദ്യോഗസ്ഥർ പരിശോധന നടത്തി. റിപ്പോർട്ട് മേലധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്.
എസ്. ബിജു
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കൊട്ടാരക്കര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |