പത്തനംതിട്ട: ആവശ്യത്തിന് ഫണ്ടില്ലാത്തതുകാരണം ജില്ലാ പഞ്ചായത്ത് പദ്ധതികൾ നിലച്ചു. ഇൗ വർഷം മൊത്തം പദ്ധതി പ്രവർത്തനങ്ങളുടെ 24 ശതമാനം മാത്രമാണ് പൂർത്തിയായത്. സർക്കർ ഫണ്ട് വെട്ടിക്കുറുച്ചതാണ് ജില്ലാ പഞ്ചായത്ത് പദ്ധതികളെ ഞെരുക്കിയത്.
നിർമ്മാണം പൂർത്തിയാക്കിയവയുടെ ബില്ലുകൾ പാസാകാത്തത് കാരണം കരാറുകാർ പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നില്ല. സ്കൂൾ കെട്ടിടങ്ങൾ, അങ്കണവാടികൾ, റോഡുകൾ, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള ഫണ്ടാണ് വെട്ടിക്കുറച്ചത്. ഇതുകാരണം അടിസ്ഥാന മേഖലയിലെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് ജില്ലാപഞ്ചായത്ത് അംഗങ്ങൾ പറയുന്നു. പ്രഖ്യാപിച്ചത് തുടങ്ങാൻ കഴിയാതെയും തുടങ്ങിയത് മുന്നോട്ടു കൊണ്ടുപോകാതെയുമാണ് ജില്ലാ പഞ്ചായത്ത് പുതിയ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് തയ്യാറാക്കാനൊരുങ്ങുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി പി. രാജപ്പൻ രാജിവച്ച ശേഷം പുതിയ പ്രസിഡന്റ് ചുമതലയേൽക്കാതെ കരാറുകാരുടെ ബില്ലുകൾ പാസാകില്ല. എൽ.ഡി.എഫിലെ ധാരണ പ്രകാരമാണ് രാജി പി. രാജപ്പൻ ഒഴിഞ്ഞത്. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏഴിനാണ്. കേരളകോൺഗ്രസിലെ ജോർജ് എബ്രഹാമാണ് പ്രസിഡന്റാകേണ്ടത്. പുതിയ പ്രസിഡന്റ് ചുതമലയേറ്റാലും ഡിജിറ്റർ സിഗ്നേച്ചർ ലഭിക്കാൻ ഒരു മാസത്തോളം വൈകും. പ്രസിഡന്റ്, സെക്രട്ടറി, ഫിനാൻസ് ഒാഫീസർ എന്നിവരുടെ ഡിജിറ്റൽ സിഗ്നേച്ചറാണ് ബില്ലുകളിൽ വേണ്ടത്.
25 കോടിയുടെ ബില്ലുകൾ മടക്കി
ജില്ലാ പഞ്ചായത്ത് സമർപ്പിച്ച 25 കോടിയുടെ ബില്ലുകൾ പണിമില്ലെന്ന കാരണത്താൽ ട്രഷറി മടക്കി. കിട്ടിയത് 1.7 കോടി മാത്രം. ജില്ലയ്ക്കുള്ള ആകെ ഫണ്ട് 46 കോടിയിൽ നിന്ന് 17 കോടിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ബഡ്ജറ്റിനെ ബാധിക്കില്ലെന്ന്
പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏഴിനാണ്. ബഡ്ജറ്റ് തയ്യാറാക്കേണ്ട സമയത്ത് പ്രസിഡന്റ് ഇല്ലാത്തത് കൂടിയാലോചനകളെ ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, മാർച്ചിലാണ് ബഡ്ജറ്റെന്നുംകൂടിയാലോചനയ്ക്ക് ഇഷ്ടംപോലെ സമയമുണ്ടെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ പറഞ്ഞു.ഇതാദ്യമായാണ് കേരള കോൺഗ്രസ് എം പ്രതിനിധി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |