ന്യൂഡൽഹി: ശക്തമായ ജനകീയ അടിത്തറയുള്ള കേരളത്തിൽ ബി.ജെ.പിയെ നേരിടുന്നതിൽ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും സി.പി.എം ദുർബലമായെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെളിഞ്ഞതായി 24-ാം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്‌ട്രീയ പ്രമേയത്തിൽ പറയുന്നു.പാർട്ടിയുടെ ഏറ്റവും വലിയ ഘടകമായ കേരളത്തിൽ ബി.ജെ.പിയെ നേരിടുന്നതിൽ വന്ന വീഴ്‌ചകൾ തിരുത്തണം.
അടിസ്ഥാന വർഗങ്ങൾക്കിടയിൽ പാർട്ടിയുടെ അടിത്തറയും സ്വാധീനവും വളർന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കി. കോൺഗ്രസുമായി മതേതര മുന്നണിയിലെ കൂട്ടുകെട്ടല്ലാതെ തിരഞ്ഞെടുപ്പ് ധാരണ പാടില്ലെന്ന രാഷ്ട്രീയ ലൈൻ തുടരും.
ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള കരട് രാഷ്‌ട്രീയ പ്രമേയം ഇടക്കാല കോഓർഡിനേറ്ററും പൊളിറ്റ്ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഡൽഹിയിൽ പ്രകാശനം ചെയ്‌തു.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ പാർട്ടിയുടെ രാഷ്‌ട്രീയ ബലഹീനതകൾ വെളിപ്പെടുത്തി.
അഖിലേന്ത്യാ തലത്തിൽ
അടിസ്ഥാന വർഗങ്ങൾക്കിടയിൽ സ്വാധീനം വളർത്താനുള്ള നടപടികളും കരടിൽ നിർദ്ദേശിക്കുന്നു: ഗ്രാമീണ ജനതയുടെ ചൂഷണത്തിനെതിരെ സമരങ്ങൾ നടത്തുക, സംഘടിത മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കുക, കരാർ തൊഴിലാളികളെ ഏകോപിപ്പിക്കുക, തൊഴിലാളി-കർഷക ഐക്യവും വളർത്തുക, അടിസ്ഥാന വിഭാഗങ്ങൾക്കിടയിൽ ഹിന്ദുത്വ വിരുദ്ധ പ്രചാരണത്തിനുള്ള പോരാട്ടം ഏറ്റെടുക്കുക തുടങ്ങിയ ദൗത്യങ്ങൾ അതിൽ ഉൾപ്പെടുന്നു.
പ്രായപരിധി തുടരും,
പിണറായിയ്ക്ക് ഇളവ്
പാർട്ടി കോൺഗ്രസിൽ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് 75 വയസിന്റെ പ്രായ പരിധിയിൽ ഇളവു നൽകിയത് മുഖ്യമന്ത്രി എന്ന നിലയിലാണെന്നും അതു തുടരണമോ എന്നത് പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും സി.പി.എം ഇടക്കാല കോഓർഡിനേറ്ററും പി.ബി അംഗവുമായ പ്രകാശ് കാരാട്ട് പറഞ്ഞു.
പാർട്ടി കമ്മിറ്റികളിൽ പ്രായപരിധി തുടരണമെന്നതാണ് നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃനിരയിൽ ഉണ്ടാവണമെന്നതു കൊണ്ടാണ് ഇളവു നൽകിയത്. ജനങ്ങൾ തിരഞ്ഞെടുത്തയാളാണ്. പാർട്ടിക്ക് തീരുമാനം മാറ്റാനാകില്ല. പ്രായപരിധി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കാനും അത് കീഴ് ഘടകങ്ങൾക്ക് കൈമാറാനുമാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ചത്. ഇളവു നൽകുന്ന കാര്യം ഏപ്രിൽ രണ്ടുമുതൽ ആറുവരെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രകാശ് കാരാട്ട് ഡൽഹിയിൽ പറഞ്ഞു.
കേരളത്തിൽ കിഫ്ബി റോഡുകൾക്ക് ടോൾ ചുമത്താനുള്ള തീരുമാനം സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടതാണെന്ന് ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
പ്രാദേശികമായി ബഹുജന, വർഗ വിഷയങ്ങൾ ഏറ്റെടുക്കണം, സാമൂഹിക-ജാതി അടിച്ചമർത്തലുകൾക്കെതിരെ നേരിട്ട് പ്രചാരണം നടത്തണം.
പശ്‌ചിമ ബംഗാളിലും ത്രിപുരയിലും അടിത്തറ മെച്ചപ്പെടുത്തി ദരിദ്ര ഗ്രാമീണരെ കൂട്ടുപിടിച്ച് തിരിച്ചുവരാൻ നടപടിയെടുക്കണം.
കോൺഗ്രസുമായി
മതേതര സഖ്യം മാത്രം
സാമ്പത്തിക നയത്തിൽ മാറ്റം വരുത്താത്ത കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം സാദ്ധ്യമല്ല. വർഗതാത്പര്യങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും സമാനം. ദേശീയ നേതൃത്വത്തിന് ഹിന്ദുത്വ അജണ്ടയ്‌ക്കെതിരായ വ്യക്തമായ നിലപാടുണ്ടെങ്കിലും ബി.ജെ.പിയുടെ ശക്തമായ ആക്രമണത്തിൽ ചില ഭാഗങ്ങളിൽ ചാഞ്ചാട്ടമുണ്ട്. വിശാല മതേതര ഐക്യം കെട്ടിപ്പെടുക്കുന്നതിനായി കോൺഗ്രസുമായി ചേരാമെങ്കിലും തിരഞ്ഞെടുപ്പ് ധാരണ സാദ്ധ്യമല്ല. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കരുതെന്നതാകും നിലപാട്.
മുസ്ലിം മതമൗലിക
വാദത്തിന്റെ വളർച്ച
ഹിന്ദുത്വ ശക്തികളുടെ ആക്രമണം മൂലമുള്ള ഒറ്റപ്പെടലും ഭയവും മുതലെടുത്ത്
മുസ്ലിം മതമൗലികവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. സ്വാധീനം വർദ്ധിപ്പിക്കാൻ അവ സി.പി.എമ്മിനെയാണ് ലക്ഷ്യമിടുന്നത്. മുസ്ലിം വിഭാഗത്തെ മതേതര ചേരിയിൽ ഉറപ്പിച്ചു നിർത്താൻ ഇടത് ജനാധിപത്യ ശക്തികൾ കൂട്ടായി പരിശ്രമിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |