കൂത്താട്ടുകുളം: തട്ടിക്കൊണ്ടുപോകൽ വിവാദങ്ങൾക്ക് ശേഷം ഇന്നലെ ആദ്യമായി ചേർന്ന കൂത്താട്ടുകുളം നഗരസഭാ കൗൺസിൽ യോഗത്തിൽ സി.പി.എം കൗൺസിലർ കലാരാജു യു.ഡി.എഫിനൊപ്പം ചേർന്ന് പ്രതിഷേധിച്ചു. കലയുടെ പ്രശ്നം ചർച്ച ചെയ്യാൻ രാവിലെ 11ന് പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിഷേധം തുടങ്ങി. തുടർന്ന് കലയും യു.ഡി.എഫ് അംഗങ്ങൾക്കൊപ്പം കുത്തിയിരിപ്പ് സമരം നടത്തി.
യു.ഡി.എഫ് കൗൺസിലർമാർക്കെതിരെ ചെയർപേഴ്സൺ നൽകിയ കള്ളപ്പരാതി പിൻവലിക്കുക എന്ന പ്ലക്കാർഡും പിടിച്ചാണ് കല പ്രതിഷേധിച്ചത്. യു.ഡി.എഫ് കൗൺസിലർ ബോബൻ വർഗീസ് അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ നഗരസഭയ്‌ക്ക് മുന്നിലും നഗരത്തിലും പ്രകടനം നടത്തി.
കലാരാജുവിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം.എൽ.എയും കൂത്താട്ടുകുളത്ത് എത്തിയിരുന്നു. ഇനി യു.ഡി.എഫിനൊപ്പമാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ധാർമ്മികതയ്‌ക്ക് ഒപ്പമെന്നായിരുന്നു കലയുടെ മറുപടി. അയോഗ്യതയ്‌ക്ക് സാദ്ധ്യതയില്ലെന്നും പാർട്ടി വിപ്പ് താൻ ലംഘിച്ചിട്ടില്ലെന്നും പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലാണ് കലാ രാജുവിന്റെ വിഷയത്തിൽ ഇടപെട്ടതെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
രാജിവയ്ക്കില്ലെന്നും സി.പി.എമ്മുമായി സഹകരിക്കില്ലെന്നും യോഗത്തിന് മുമ്പേ കല വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കേണ്ടിയിരുന്ന ജനുവരി 18ന് നഗരസഭയുടെ മുന്നിൽ നിന്ന് കലാരാജുവിനെ തട്ടിക്കൊണ്ടുപോയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |