തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ.മുരളീധരന്റെ തോൽവിയെക്കുറിച്ച് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ച് ആറുമാസം കഴിഞ്ഞിട്ടും നടപടിയില്ല. തൃശൂരിലെ പ്രധാനപ്പെട്ട നാല് നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് വ്യക്തമാക്കുന്ന 30 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോർട്ട് വെളിച്ചം കാണിക്കാതെ പുനഃസംഘടനയെക്കുറിച്ചടക്കം ചർച്ച നടത്തുന്നത് പാർട്ടിയിൽ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
മുൻ എം.എൽ.എ അനിൽ അക്കര, മുൻ എം.പി ടി.എൻ.പ്രതാപൻ, എം.പി.വിൻസെന്റ്, മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർക്കെതിരെയാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്.
തിരഞ്ഞെടുപ്പിനെ തുടർന്ന് ഡി.സി.സി ഓഫീസിലുണ്ടായ കൂട്ടയടി ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ജോസ് വള്ളൂരിനെ ഡി.സി.സി പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്റിയിരുന്നു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്ന് എം.പി. വിൻസെന്റിനെയും മാറ്റി.
എന്നാൽ, അന്വേഷണ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നില്ല ഈ നടപടികളൊന്നും. മുൻമന്ത്രി കെ.സി.ജോസഫ്, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ടി.സിദ്ദിഖ് എം.എൽ.എ എന്നിവരുൾപ്പെട്ട അന്വേഷണ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുകയും കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തതോടെയാണ് കെ.പി.സി.സി നേതൃത്വം അന്വേഷണ സമിതിയെ നിയോഗിച്ചത്.റിപ്പോർട്ട് സമർപ്പിച്ച് ആറുമാസത്തിലേറെയായിട്ടും അത് പുറത്തു വിടുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യാത്തതിൽ കെ.മുരളീധരന് അമർഷമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |