കൊച്ചി: ഒയാസിസ് കമ്പനിക്ക് പാലക്കാട്ട് മദ്യനിർമ്മാണശാല അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി നൽകിയ വിശദീകരണങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇതുസംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു. മദ്യനയം മാറിയപ്പോൾ ഒയാസിസ് നൽകിയ അപേക്ഷയിലാണ് അനുമതി നൽകിയതെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ, മദ്യനയം മാറ്റുന്നതിന് മുമ്പ് കമ്പനിയുമായി സർക്കാർ ഇടപാട് ഉറപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ.
ഗൂഢാലോചനയും അഴിമതിയും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ എക്‌സൈസ് മന്ത്രിയുമായാണ് കമ്പനി ഇടപാട് നടത്തിയത്. അതിന് ഇടനിലക്കാരുമുണ്ട്. ഡൽഹി മദ്യനയക്കേസിൽ പ്രതിയായ കെ. കവിതയാണ് ഒയാസിസിനെ മന്ത്രിക്ക് പരിചയപ്പെടുത്തിയത്.
എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അല്ലാതെ വേറൊരു വകുപ്പും അറിയാതെയാണ് ഇടപാടുകൾ. വെള്ളം ആവശ്യപ്പെട്ട് 2023 ജൂൺ 16ന് വാട്ടർ അതോറിട്ടിക്ക് കമ്പനി നൽകിയ അപേക്ഷയിൽ സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് പറയുന്നു. എന്നാൽ, 2025ലാണ് പ്ലാന്റിന് അനുമതി നൽകിയത്. ഒയാസിസ് അപേക്ഷ നൽകിയ ദിവസം തന്നെ വെള്ളം നൽകാമെന്ന് വാട്ടർ അതോറിട്ടിയുടെ സൂപ്രണ്ടിംഗ് എൻജിനിയർ മറുപടി നൽകിയത് ഉന്നത നിർദ്ദേശപ്രകാരമാണെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |