ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമർശത്തിൽ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. രാഷ്‌ട്രപതിക്കെതിരെ അപമാനകരവും അപകീർത്തികരവുമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പിയുടെ ആദിവാസി എം.പിമാരാണ് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർക്ക് നോട്ടീസ് നൽകിയത്.
പ്രതിപക്ഷം കുംഭമേള ദുരന്തം ഉന്നയിക്കുമ്പോൾ പ്രതിരോധിക്കാനുള്ള ആയുധമായാണ് ഭരണപക്ഷം സോണിയയുടെ പരാമർശത്തെ കാണുന്നത്. ഇന്നലെ ഇരുസഭകളിലും പ്രതിപക്ഷ നേതാക്കൾ കുംഭമേള ദുരന്തവും യഥാർത്ഥ മരണസഖ്യയെ സംബന്ധിച്ച ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
പരാമർശം നിന്ദ്യം:
ബി.ജെ.പി
സോണിയ ഗാന്ധി രാഷ്‌ട്രപതിക്കെതിരെ നടത്തിയത് പാർലമെന്ററി വിരുദ്ധവും,അവഹേളനപരവും, നിന്ദ്യവുമായ പരാമർശങ്ങളാണ്. ഗൗരവമായ പരിഗണനയും അച്ചടക്ക നടപടിയും അർഹിക്കുന്നു. രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ അധികാരിയായ രാഷ്ട്രപതിയുടെ പദവിയെയും അന്തസ്സിനെയും താഴ്‌ത്തിക്കെട്ടുന്ന പ്രസ്താവനയെ ആശങ്കയോടെയാണ് കാണുന്നത്. ഇത്തരം പരാമർശങ്ങൾ പാർലമെന്ററി കീഴ്‌വഴക്കങ്ങളുടെ പവിത്രതയെ ലംഘിക്കുന്നു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സോണിയ ഗാന്ധിക്കെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച,സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് പ്രതികരിച്ചപ്പോളാണ് സോണിയ വിവാദ പരാമർശം നടത്തിയത്. രാഷ്‌ട്രപതി പ്രസംഗിച്ച് ക്ഷീണിച്ചെന്ന് പറഞ്ഞ സോണിയ 'പാവം സാധനം' എന്ന വാക്കും ഉപയോഗിച്ചു. ബി.ജെ.പി അംഗങ്ങൾക്കു പുറമെ രാഷ്‌ട്രപതി ഭവനും പ്രസ്‌താവനയെ അപലപിച്ചു.
പ്രസംഗം വിഴുപ്പലക്കൽ: രാഹുൽ
സർക്കാർ ചെയ്‌തതെന്ന് പറഞ്ഞ കാര്യങ്ങളുടെ ആവർത്തനമായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗമെന്ന് രാഹുൽ ഗാന്ധി. കഴിഞ്ഞ കുറെ പ്രസംഗങ്ങളിൽ സർക്കാർ ചെയ്‌ത കാര്യങ്ങൾ ആവർത്തിക്കുന്നു. എല്ലാം സർക്കാരിന്റെ വിഴുപ്പലക്കൽ. രാഷ്‌ട്രപതിയുടെ പ്രസംഗം ഇങ്ങനെയല്ല വേണ്ടത്.
കുംഭമേളയിലെ മരണം:
അവ്യക്തതയെന്ന് പ്രതിപക്ഷം
കുംഭമേള ദുരന്തത്തിലെ യഥാർത്ഥ മരണസഖ്യ പുറത്തുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം. നിരവധി മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയെന്ന് സമാജ്‌വാദി പാർട്ടി എം.പി ജയാബച്ചൻ ആരോപിച്ചു. മൃതദേഹങ്ങൾ തള്ളിയ,അതേ വെള്ളമാണ് സാധാരണക്കാർക്ക് വിതരണം ചെയ്യുന്നത്. മേളയെ സർക്കാർ ലാഘവത്തോടെ സമീപിച്ചെന്ന് പാർട്ടി എം.പി നരേഷ് ചന്ദയും ആരോപിച്ചു.
ഇന്നലെ രാജ്യസഭയിൽ പ്രസംഗിക്കവെ കോൺഗ്രസ് അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുന ഖാർഗെ കുംഭമേളയിൽ ആയിരങ്ങൾ മരിച്ചെന്ന പരാമർശം നടത്തിയത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. താൻ പറഞ്ഞത് ഏകദേശ കണക്കാണെന്നും ശരിയല്ലെങ്കിൽ സർക്കാർ കണക്ക് പുറത്തുവിടണണമെന്നും ഖാർഗെ പറഞ്ഞു.
വിഷയം ഉയർത്തി ഇന്നലെ രാവിലെ മുതൽ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും സഭാ അദ്ധ്യക്ഷൻമാർ നടപടികളുമായി മുന്നോട്ടുപോയി. ഉച്ചയ്‌ക്ക് ശേഷം നടന്ന നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷം സഹകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |