ബാലരാമപുരം: കോട്ടുകാൽക്കോണത്ത് രണ്ടുവയസുള്ള ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാറിനെ പത്തുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പ്രതിയുടെ മാനസികനില പരിശോധിച്ച് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്കാവും സംഭവ സ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുക.
ഇന്നലെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിക്ക് സ്വന്തം നിലയിൽ അഭിഭാഷകൻ ഇല്ലായിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്ന് അഡ്വ. സ്വാജിനാ മുഹമ്മദ് പ്രതിക്കുവേണ്ടി ഹാജരായി.
പ്രതി മനോനില തെറ്റിയ ആളാണെന്നും കസ്റ്റഡിയിൽ വിടരുതെന്നും മാനസിക നില മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. തുടർന്ന് കോടതി ഹരികുമാറുമായി സംസാരിച്ചു. പ്രത്യക്ഷത്തിൽ പ്രതിക്ക് മാനസിക നിലയിൽ തകരാറില്ലെന്നും വിശദമായ മെഡിക്കൽ പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |