കൊച്ചി: ആലുവ എടത്തല പഞ്ചായത്തിൽ നാവികസേനയുടെ ആയുധ സംഭരണശാലയ്ക്കു (എൻ.എ.ഡി) സമീപം മുൻ എം.എൽ.എ പി.വി. അൻവറിന്റെ പേരിലുള്ള ഏഴുനില കെട്ടിടം സംബന്ധിച്ച് ഹൈക്കോടതി നാവികസേനയോട് വിശദീകരണം തേടി. കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ കെ.വി. ഷാജി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിർദ്ദേശം. ഹർജി വീണ്ടും 25ന് പരിഗണിക്കും.
അതീവസുരക്ഷാ മേഖലയിൽ അനധികൃതമായാണ് സപ്ത നക്ഷത്ര ഹോട്ടൽ സൗകര്യത്തോടെ കെട്ടിടം നവീകരിച്ചതെന്ന് ഹർജിയിൽ പറയുന്നു. നിർമ്മാണം നിറുത്തിവയ്‌ക്കാൻ എൻ.എ.ഡി എറണാകുളം കളക്ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. അത് പരിഗണിക്കാതെയാണ് നവീകരണം പൂർത്തീകരിച്ചതെന്നും ലഹരിപ്പാർട്ടിയടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കെട്ടിടത്തിൽ നടക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.
കെട്ടിടത്തിന്റെ കൈവശാവകാശം നേടിയതും നവീകരിച്ചതും നിയമപരമാണെന്നാണ് അൻവറിന്റെ വാദം. ഡൽഹിയിലെ കടാശ്വാസ കമ്മിഷൻ 2006 സെപ്തംബർ 18ന് നടത്തിയ ലേലത്തിലാണ് അൻവറിന്റെ പീവീസ് റിയൽറ്റേഴ്സ് കെട്ടിടവും 11.46 ഏക്കർ ഭൂമിയും 99 വർഷത്തെ പാട്ടത്തിനെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |