തിരുവനന്തപുരം: നിർമ്മിതബുദ്ധി (എ.ഐ) സർവമേഖലകളിലും അപകടകാരിയാണെന്നും നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കണമെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സി.ഒ.എ) 14-ാമത് സംസ്ഥാന കൺവെൻഷൻ വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാറ്റ് ജി.പി.ടി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ നല്ല വശങ്ങൾക്കൊപ്പം മോശം വശങ്ങളും അറിഞ്ഞിരിക്കണം. എന്റെ പ്രസംഗം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോയെന്ന് അറിയാൻ എ.ഐ ഉപയോഗിക്കാനാവും. നാം ജീവിക്കുന്നത് ടെക്നോ-ഫ്യൂഡൽ ലോകത്താണ്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗാണ് ഏറ്റവും വലിയ ജന്മി. ടെസ്ലാ മേധാവി ഇലോൺ മസ്ക്,ഗൂഗിൾ സി.ഇ.ഒ സുന്ദൻ പിച്ചെ തുടങ്ങിയവരും ജന്മികളാണ്. കേബിൾ ടി.വി മേഖലയിലെ പ്രശ്‌നപരിഹാരത്തിനും നിർമ്മിതബുദ്ധി ഉപയോഗിക്കാം. കോർപ്പറേറ്റ് മുതലാളിമാരുടെ പ്രകോപനങ്ങളിൽ കേബിൾ ടി.വി ഓപ്പറേറ്റർമാർ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺമോഹൻ പതാക ഉയർത്തി. സംസ്ഥാന മാദ്ധ്യമ പുരസ്‌കാരം നേടിയ കേരളവിഷൻ ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ എം.എസ്.ബനേഷ്,സ്‌കൂൾ കലോത്സവത്തിൽ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടിയ സനോജ് പയ്യന്നൂർ എന്നിവരെ സ്പീക്കർ ആദരിച്ചു.
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി.സുരേഷ്,ട്രഷറർ ബിനു ശിവദാസ്, പി.പി.സുരേഷ് കുമാർ,പ്രജീഷ് അച്ചാണ്ടി,പ്രസിഡന്റ് കെ.വിജയകൃഷ്ണൻ,കെ.സി.സി.എൽ ചെയർമാൻ കെ.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. തുടർന്ന് അക്ഷയ സംരംഭകരുടെ സംഘടനയും(ഫേസ്) കെ.സി.സി.എല്ലും (കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്രഡ്) ധാരണാപത്രം കൈമാറി. ഇന്ന് കെ.വി കണക്ട് സംസ്ഥാനതല സമ്മേളനം രാവിലെ 9.30ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |