ശംഖുംമുഖം: നിരവധി ലഹരിക്കടത്ത് കേസുകളിലെ പ്രതിയെ ഒരുവർഷം കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്. മുട്ടത്തറ ത്രിവേണി നഗർ ടി.സി 78/ 1789ൽ ഉണ്ണികൃഷ്ണൻ എന്ന കാവുവിള ഉണ്ണിയെയാണ് കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവായത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വില്പനയ്ക്ക് കൊണ്ടുവന്ന കിലോക്കണക്കിന് കഞ്ചാവുമായി കോവളം പൊലീസ് പിടിക്കൂടിയ കേസിൽ ഇയാൾ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഇതിന് മുമ്പും സമാനകേസുകളിൽ ഇയാളെ പിടികൂടിയിട്ടുണ്ട്. ജാമ്യത്തിന് പുറത്തിറങ്ങുമ്പോഴെല്ലാം സമാനമായ കുറ്റകൃത്യത്തിൽ വീണ്ടും ഇയാൾ പെടുന്നതായി കണ്ടെത്തിയതോടെയാണ് ശിക്ഷ. കാപ്പപ്രകാരം ആറുമാസം ഒരാളെ കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് ഇറക്കാറാണ് പതിവ്. എന്നാൽ ഇയാൾ ലഹരിവില്പന സംഘത്തിലെ കണ്ണിയാണെന്ന് കണ്ടെത്തിയതോടെയാണ് എൻ.ഡി.പി.സി സെക്ഷൻ ഉപയോഗിച്ച് ഒരുവർഷം കരുതൽ തടങ്കലിന് ഉത്തരവായത്. കരമന നെടുങ്കാട് ഭാഗങ്ങളിൽ താമസിച്ചിരുന്ന ഇയാൾ അടുത്ത കാലത്താണ് മുട്ടത്തറ ഭാഗത്ത് താമസമാക്കിയത്. പൂന്തുറ പൊലീസ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സെൻട്രൽ ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |